കൊവിഡ് മൂന്നാം തരംഗം കുറഞ്ഞു വരുമ്പോഴും കൊവിഡ് ബാധിതരായതിന് ശേഷം ആളുകളിൽ കണ്ടുവരുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനം തുടരുകയാണ്. ശ്വാസകോശം, തലച്ചോറ് എന്നീ അവയവങ്ങളെ ഉൾപ്പടെ കൊവിഡ് സാരമായി ബാധിച്ചുവെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. കൊവിഡിന് ശേഷം ഹൃദയ സംബന്ധമായ രോഗങ്ങളും മരണവും കൂടുന്നുവെന്നാണ് പുറത്ത് വരുന്ന പുതിയ പഠനം.
ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാൻ സാധ്യതയുള്ളവരിൽ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുവെന്നും ഹൃദയരോഗബാധിതരാകാൻ സാധ്യതയില്ലാത്തവരിലും ഹൃദ്‌രോഗങ്ങൾ കൊവിഡിന് ശേഷം കണ്ടുവരുന്നുവെന്നുമാണ് പഠനം പറയുന്നത്. നേച്ചർ മെഡിസിൻ ജേണലിലാണ് ഇത് സംബന്ധിക്കുന്ന പഠനം പ്രസിദ്ധീകരിച്ചത്. കൊവിഡിനെ തുടർന്ന് യുഎസിൽ മൂന്ന് മില്യൺ ആളുകളിൽ ഹൃദയ സംബന്ധരോഗങ്ങളും മരണവും റിപ്പോർട്ട് ചെയ്‌തെന്ന് പഠനം അവകാശപ്പെടുന്നു.
ഹൃദയ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നു
ഹൃദയ സംബന്ധമായ അസുഖങ്ങൾ ഇല്ലാതിരുന്നവരിൽ കൊവിഡ് രോഗം ബാധിച്ച 72 ശതമാനം പേർക്കും കൊറോണറി ആർട്ടറി രോഗങ്ങളും, 63 ശതമാനം പേരിൽ ഹൃദയാഘാതവും 52 ശതമാനം പേരിൽ സ്‌ട്രോക്കും റിപ്പോർട്ട് ചെയ്‌തെന്നാണ് പഠനം പറയുന്നത്. കൊവിഡ് ബാധിതരായതിന് ശേഷം കാർഡിയോവാസ്‌കുലാർ രോഗങ്ങളും തുടർന്ന് മരണത്തിനും കാരണമായെന്ന് പഠനം ചൂണ്ടിക്കാട്ടി.