ലണ്ടന്‍:മോശം മാനസികാരോഗ്യവും ജീവിത സംതൃപ്‌തിക്കുറവും കൊവിഡ് 19 ന്‍റെ അനന്തരഫലങ്ങളാവാമെന്ന പഠനഫലങ്ങള്‍ പുറത്ത്. ഇന്ത്യൻ വംശജനായ ഗവേഷകൻ ഉൾപ്പെട്ട് ദി ലാൻസെറ്റ് സൈക്യാട്രിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് മാനസിക വിഷമം, വിഷാദം, ഉത്‌കണ്‌ഠ, കുറഞ്ഞ ജീവിത സംതൃപ്‌തി എന്നിവ മുമ്പ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്നത്. ലണ്ടനിലെ കിങ്സ് കോളജിലെയും യുകെയിലെ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെയും ഗവേഷകരാണ് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
വിഷാദം കൊവിഡിന്‍റേതാകാം; രോഗബാധ തുടര്‍ജീവിതത്തില്‍ സംതൃപ്‌തിക്കുറവുണ്ടാക്കുമെന്ന് പഠനം പുറത്ത് - ലണ്ടന്‍
മുമ്പ് റിപ്പോര്‍ട്ട് ചെയ്‌ത കൊവിഡ് രോഗബാധ തുടര്‍ജീവിതത്തില്‍ മോശം മാനസികാരോഗ്യത്തിനും ജീവിത സംതൃപ്‌തിക്കുറവിനും കാരണമായേക്കാമെന്ന പഠനം പുറത്ത്
കൊവിഡ് രോഗബാധയുടെ ആഘാതങ്ങളെക്കുറിച്ചും, രോഗബാധ ജനസംഖ്യയുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നുമാണ് പഠനം പ്രധാനമായും അവലോകനം ചെയ്‌തതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫസറും ഹൈദരാബാദ് ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി ബിരുദധാരിയുമായ പ്രവീത പടാലെ പറഞ്ഞു. മാത്രമല്ല മാനസിക വിഷമങ്ങള്‍ മാത്രം പരിഗണിച്ച് കൊവിഡ് പോസിറ്റീവായതായി മനസിലാക്കാനായതായും തുടര്‍ന്ന് നടത്തിയ വൈറസ് ആന്‍റിബോഡി ടെസ്‌റ്റില്‍ പോസിറ്റീവായതായി സ്ഥിരീകരിച്ചതായും പഠനം പറയുന്നു.
അതേസമയം രോഗബാധയെ പ്രായം, ലിംഗം, സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ എന്നിവ നേരിട്ട് സ്വാധീനിച്ചതായും പഠനം കണ്ടെത്തി. അതായത് രോഗബാധ അമ്പതുകാരനിലുണ്ടാക്കിയ മാനസികാരോഗ്യ പ്രശ്‌നങ്ങളെക്കാള്‍ പ്രായം കൂടിയവരിലാണ് കൂടുതല്‍ ബാധിച്ചതെന്ന് ഇതില്‍ കണ്ടെത്തി. ഇവരില്‍ കൊവിഡ് ബാധക്ക് ശേഷം രക്തക്കുഴലുകൾ (മൈക്രോവാസ്‌കുലർ) സംബന്ധമായും, മസ്‌തിഷ്‌കം (ന്യൂറോളജിക്കൽ) സംബന്ധമായും വ്യതിയാനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും പഠനം ചൂണ്ടിക്കാട്ടി.