ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായി ആറുമുതല്‍ പന്ത്രണ്ട് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ ഉപയേഗിക്കാന്‍ അടിയന്തര അനുമതി. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് (ഡി.സി.ജി.ഐ) വാക്സിന് അടിയന്തര അനുമതിക്കുള്ള അംഗീകാരം നല്‍കിയത്. നിലവില്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെ പ്രായമുള്ള കൗമാരക്കാരിലും ഭാരത് ബയോടെക്കിന്‍റെ വാക്‌സിനാണ് ഉപയോഗിക്കുന്നത്.
ആറുമുതല്‍ പന്ത്രണ്ട് വയസുവരെയുള്ള കുട്ടികള്‍ക്ക് കോവാക്‌സിന് അനുമതി
ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്
കുട്ടികളിലെ വാക്‌സിന്‍റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് നാലാഴ്ചയ്ക്ക് ശേഷം 95-98 ശതമാനം സെറോകൺവേർഷൻ രേഖപ്പെടുത്തിയതായി ഭാരത് ബയോടെക് ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കി. പ്രഖ്യാപനത്തിന് പിന്നാലെ മുതിർന്നവർക്കും കുട്ടികൾക്കുമായി സുരക്ഷിതവും ഫലപ്രദവുമായ കൊവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുകയെന്ന തങ്ങളുടെ ലക്ഷ്യം നടപ്പിലായതായി ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കൃഷ്‌ണ എല്ല അഭിപ്രായപ്പെട്ടു. കോവാക്‌സിന്‍റെ പുതിയ സ്റ്റോക്കുകള്‍ വിതരണത്തിന് തയ്യാറാണെന്നും കമ്പനി അറിയിച്ചു.
യുഎന്‍ വഴിയുള്ള കോവാക്‌സിന്‍ വിതരണം ലോകാരോഗ്യ സംഘടന നേരത്തെ നിര്‍ത്തിവെച്ചിരുന്നു. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഇത് പരിഹരിക്കുന്നതിനും നിര്‍മാണ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായാണ് വാക്‌സീന്‍ വിതരണം നിര്‍ത്തിയതെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കിയതിന് പിന്നാലെ അതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഭാരത് ബയോടെക് അറിയിച്ചു.