മുംബൈ:ആരോഗ്യത്തിന് ഹാനികരമെന്ന പേരിൽ വിവാദങ്ങളിൽ അകപ്പെട്ടിരുന്ന ജോൺസൺസ് ബേബി പൗഡർ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവ്. പരിശോധന ഫലങ്ങൾ പ്രതികൂലമായാൽ അടിയന്തര നടപടി സ്വീകരിക്കാനും ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സർക്കാരിനോട് നിർദേശിച്ചു. 2022 സെപ്‌റ്റംബർ 15ലെ ലൈസൻസ് റദ്ദാക്കാൻ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്‌ത് കമ്പനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
ജസ്റ്റിസ് ജി എസ് പട്ടേലും ജസ്റ്റിസ് എസ് ജി ഡിഗെയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2023 ജനുവരി 9ന് ബോംബെ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റി. ബേബി പൗഡർ നിർമ്മാണ ലൈസൻസ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെ ഉത്തരവ് പുറപ്പെടുവിക്കാൻ രണ്ട് വർഷത്തിലധികം കാലതാമസം വരുത്തുന്നത് എന്തുകൊണ്ടാണെന്ന് ജനുവരി 3ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആരാഞ്ഞിരുന്നു. സംസ്ഥാന ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷൻ (എഫ്‌ഡിഎ) സെപ്റ്റംബർ 15ന് ലൈസൻസ് റദ്ദാക്കുകയും പിന്നീട് വിപണിയിൽ നിന്ന് ഉത്പന്നം തിരിച്ചുവിളിക്കാൻ കമ്പനിക്ക് നിർദേശം നൽകുകയും ചെയ്‌തിരുന്നു.
ഫാർമസ്യൂട്ടിക്കൽ ഉത്‌പന്നങ്ങളുമായി ബന്ധപ്പെട്ട വിഷയമാണിത്. വിലയിരുത്താൻ അസാധ്യമായ സാഹചര്യമാണുള്ളത്. 2022ലെ ഓർഡർ അടിസ്ഥാനത്തിലുള്ള അറിയിപ്പും 2019ൽ നടത്തിയ പരിശോധനയും വിലയിരുത്തുന്നു. ഗുണനിലവാരം അനുസരിച്ച് വസ്‌തുതാപരമായ സാഹചര്യം ഞങ്ങൾക്ക് അറിയില്ല. ഉത്‌പന്നങ്ങളുമായി ബന്ധപ്പെട്ട പുതിയ സാഹചര്യം എന്താണെന്നും അറിയില്ലെന്ന് കോടതി വ്യക്തമാക്കി. അതിനാൽ, നിലവിലുള്ള മാർഗ്ഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പിളുകൾ വീണ്ടും പരിശോധിക്കാനാണ് കോടതി നിർദേശം.
ടെസ്റ്റ് നടത്തി ഫലം ലഭിച്ച് ഒരാഴ്‌ചയ്ക്കുള്ളിൽ നടപടിയെടുക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ കാഴ്‌ചപ്പാടിൽ നിന്നല്ല, ഉപഭോക്തൃ കാഴ്‌ചപ്പാടിൽ നിന്നാണ് ഞങ്ങൾ ഇത് പറയുന്നത്. എന്തെങ്കിലും പ്രതികൂല ഫലം ഉണ്ടായാൽ, നിയമാനുസൃതമായ നടപടി വളരെ അടിയന്തരമായി എടുക്കേണ്ടതാണെന്ന് കോടതി നിർദേശിച്ചു. കുമിഞ്ഞുകൂടിയ സ്റ്റോക്ക് വിൽക്കാൻ കമ്പനിയെ അനുവദിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ, ഈ ആവശ്യം കോടതി തള്ളി.
ഉത്തരവുകള്‍ ചോദ്യം ചെയ്‌തുകൊണ്ട് കമ്പനി നൽകിയ ഹർജി: 2022ൽ ബേബി പൗഡര്‍ ഉത്‌പാദിപ്പിക്കാന്‍ കമ്പനിക്ക് അനുവാദം കൊടുത്തെങ്കിലും ഉത്‌പന്നം വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും നിരോധിച്ച് കൊണ്ടുള്ള മഹാരാഷ്‌ട്ര സര്‍ക്കാറിന്‍റെ ഉത്തരവ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ സെപ്റ്റംബര്‍ 15നും, 20നും മഹാരാഷ്‌ട്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകള്‍ ചോദ്യം ചെയ്‌തുകൊണ്ട് കമ്പനി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.