ഹൈദരാബാദ് : ചുട്ടുപൊള്ളുന്ന വെയിലില്‍ നല്ല തണുത്ത വെള്ളം അതായത് ഐസ് വാട്ടര്‍ കുടിക്കുന്നത് എന്തൊരു ആശ്വാസമാണല്ലേ. ശരീരത്തിനൊപ്പം മനസിനെയും തണുപ്പിച്ചാണ് കുടിക്കുന്ന വെള്ളം അകത്തേക്ക് എത്തുന്നത്. എന്നാല്‍ ഈ ശീലത്തിനുപിന്നില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ വിപത്തുകളാണെന്ന് പലര്‍ക്കും അറിയില്ല എന്നതാണ് വാസ്‌തവം. അറിഞ്ഞിട്ടും അവഗണിക്കുന്നവരും ഏറെയാണ്.
അല്‍പനേരത്തെ ആശ്വാസത്തിനായി നാം ഏറ്റവും എളുപ്പമുള്ള പാത സ്വീകരിക്കുമ്പോള്‍ ആരോഗ്യത്തെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ഫ്രിഡ്‌ജില്‍ നിന്നുള്ള തണുത്ത വെള്ളം ജലദോഷം ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇത് ദഹന പ്രശ്‌നം ഉണ്ടാക്കുമെന്ന് പലര്‍ക്കും അറിയില്ല.
പതിവായി തണുത്ത വെള്ളം കുടിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഐസ് വാട്ടര്‍ പതിവായി കുടിക്കുന്നത് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതുമൂലം ഗുരുതരമായ പല പ്രശ്‌നങ്ങളും ഉണ്ടാകാനിടയുണ്ട്. ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെ പോലും ഇത് സാരമായി ബാധിക്കും.
എന്ത് വെള്ളം കുടിക്കണം? എങ്ങനെ കുടിക്കണം? : അലോപ്പതി, ആയുർവേദം, പ്രകൃതിചികിത്സ തുടങ്ങിയ വിവിധ വൈദ്യശാസ്‌ത്രശാഖകൾ മുറിയിലെ സാധാരണ ഊഷ്‌മാവിലുള്ള (Normal Temperature) വെള്ളം കുടിക്കാനാണ് നിര്‍ദേശിക്കുന്നത്. കുടിവെള്ളവുമായി ആയുർവേദം നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നുവെന്ന് ഹരിദ്വാറിലെ ആയുർവേദ ഫിസിഷ്യൻ രാമേശ്വർ ശർമ പറയുന്നു. ഇരുന്നുകൊണ്ടാണ് വെള്ളം കുടിക്കേണ്ടത്. എല്ലായ്‌പ്പോഴും സാധാരണ ഊഷ്‌മാവിലുള്ള വെള്ളം കുടിക്കണം. ഭക്ഷണം കഴിക്കുമ്പോൾ തണുത്ത വെള്ളം കുടിക്കരുത്. ഭക്ഷണത്തിന് ശേഷം ഇളം ചൂടുള്ള വെള്ളം മാത്രം കുടിക്കുക തുടങ്ങി നീളുന്നു നിര്‍ദേശങ്ങള്‍.
ഐസ് വാട്ടര്‍ ദഹനവ്യവസ്ഥയിലെ ദഹന അഗ്നിയുടെ ഉത്‌പാദനം കുറയ്ക്കുന്നതിനാൽ ഭക്ഷണത്തോടൊപ്പമോ പൊതുവെയോ കഴിയുന്നത്ര തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കണമെന്ന് ആയുർവേദം നിര്‍ദേശിക്കുന്നതായി ശര്‍മ വിശദീകരിക്കുന്നു. ദഹനവ്യവസ്ഥയുടെ എല്ലാ പ്രവർത്തനങ്ങളെയും ഉത്തേജിപ്പിക്കുന്നതിനും ദഹനപ്രക്രിയയെ ആരോഗ്യകരമായി നിലനിർത്തുന്നതിനും ഭക്ഷണ സ്രോതസുകളിൽ നിന്ന് പരമാവധി പോഷകങ്ങൾ സ്വീകരിക്കുന്നതിനും മറ്റ് പ്രവർത്തനങ്ങള്‍ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ദഹന അഗ്നി സഹായിക്കുന്നു.
അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് വൻകുടല്‍ ചുരുങ്ങാന്‍ കാരണമാകുന്നു. ഇത് ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കും. മലബന്ധം പോലുള്ള ബുദ്ധിമുട്ടുകള്‍ ഇതിന്‍റെ ഭാഗമായി ഉണ്ടാകും. മിക്ക രോഗങ്ങളുടെയും മൂലകാരണം മലബന്ധമാണെന്ന് ആയുർവേദം കണക്കാക്കുന്നു. അത്തരം സാഹചര്യത്തിൽ തണുത്ത വെള്ളം കുടിക്കുന്നത് വിശപ്പ് കുറയുന്നതിനും ദൈനംദിന ജോലികൾ ചെയ്യാൻ ആവശ്യമായ ഊർജം കുറയുന്നതിനും രക്തയോട്ടം കുറയുന്നതിനും കാരണമാകും. അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാവുക. ഭക്ഷണത്തിൽ നിന്ന് പോഷണം സ്വീകരിക്കാനുള്ള ശരീരത്തിന്‍റെ കഴിവിനെ ബാധിക്കുമ്പോൾ പ്രതിരോധശേഷി കുറയുന്നു.
അമിതമായി തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിലെ കഫത്തിന്‍റെ അളവ് വർധിപ്പിക്കും. ഇത് ജലദോഷം, തുമ്മൽ തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നയിക്കും. മറ്റ് അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയും വർധിക്കുന്നു. വെയിലത്ത് നിന്ന് കയറിയ ഉടന്‍ ഐസ് വെള്ളം കുടിക്കുന്നതും വെയിലത്ത് ദീര്‍ഘനേരം ഇരിക്കുന്നതും ധമനികളെയും സിരകളെയും ബാധിക്കുകയും അവ ചുരുങ്ങുകയും തലച്ചോറ് മരവിക്കുകയും ചെയ്യുന്നതിന് കാരണമാകുമെന്നാണ് രാമേശ്വര്‍ ശര്‍മ പറയുന്നത്. മൈഗ്രേന്‍ ഉള്ളവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ടുകള്‍ വര്‍ധിപ്പിക്കുന്നതിനും ഇത് കാരണമാകും. ഇതോടൊപ്പം ഹൃദമിടിപ്പ് കുറയ്‌ക്കുകയും ചെയ്യും. അമിതമായി തണുത്ത വെള്ളം ശരീരത്തെ ജലാംശം നിലനിർത്താൻ സഹായിക്കില്ലെന്ന് ശര്‍മ വിശദീകരിക്കുന്നു.
ഫ്രിഡ്‌ജിലെ വെള്ളം വേണ്ട, പകരം മണ്‍കൂജയിലെ വെള്ളം : അപ്പോള്‍ ഈ ചൂടത്ത് ഐസ് വാട്ടര്‍ അല്ലാതെ മറ്റെന്താണ് പ്രതിവിധി. അതിനും ശര്‍മ പരിഹാരം നിര്‍ദേശിക്കുന്നുണ്ട്. കളിമൺ പാത്രങ്ങളിലോ കുടങ്ങളിലോ സൂക്ഷിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കളിമൺ പാത്രങ്ങളിലെ വെള്ളം സ്വാഭാവികമായും തണുപ്പ് നിലനിർത്തുകയും ചൂടിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യും. ഒപ്പം വെള്ളം ശുദ്ധീകരിക്കുകയും അതിൽ ഗുണം ചെയ്യുന്ന ധാതുക്കൾ ചേർക്കുകയും ചെയ്യുന്നു.
മണ്ണിന്‍റെ പ്രത്യേകതകൾ കാരണം കളിമൺ കുടത്തിലെ ജലത്തിന്‍റെ പിഎച്ച് മൂല്യം സന്തുലിതമായി നിലനിൽക്കും. ഇത് ശരീരത്തിലെ വിഷവസ്‌തുക്കളുടെ അളവ് കുറയ്ക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനത്തെയും രാസവിനിമയത്തെയും സഹായിക്കുന്നു. അത്തരം ധാതു സമ്പുഷ്‌ടമായ വെള്ളം കുടിക്കുന്നത് നിരവധി പ്രശ്‌നങ്ങളിൽ നിന്നും, പ്രത്യേകിച്ച് മലബന്ധം, തൊണ്ടവേദന, ജലദോഷം അല്ലെങ്കിൽ പനി തുടങ്ങിയ കഫം മൂലമുണ്ടാകുന്ന അണുബാധകളില്‍ നിന്നും ആശ്വാസം നൽകുന്നു.