വാഷിങ്ടണ്‍:മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിൽ ശ്വാസോച്ഛ്വാസത്തിലൂടെ രോഗം പടരാനുള്ള സാധ്യത കുറവാണെന്ന് പഠനങ്ങൾ. മറ്റൊരാൾ ശ്വസനത്തിലൂടെ പുറംതള്ളുന്ന രോഗകണികകൾ കുട്ടികൾ പൊതുവെ കുറച്ച് മാത്രമേ ശ്വസിക്കുകയുള്ളുവെന്നാണ് കണ്ടെത്തൽ. ഗവേഷകനായ മൊഹ്‌സെൻ ബാഗേരിയുടെ നേതൃത്വത്തിൽ എംപിഐ-ഡിഎസിലെ (Max Planck Institute for Dynamics and Self-Organization) ഗവേഷണ ഗ്രൂപ്പ് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
രോഗബാധിതരിൽ നിന്ന് പുറന്തള്ളുന്ന എയറോസോൾ കണങ്ങൾ (aerosol) വഴിയാണ് പലപ്പോഴും പകർച്ചവ്യാധികൾ പകരുന്നത്. എന്നാൽ, അത്തരം എയറോസോൾ കണങ്ങളുടെ വലിപ്പം കുട്ടികളിലും മുതിർന്നവരിലും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു. എയറോസോൾ കണികകളുടെ ഉത്ഭവം ശ്വസനനാളത്തെ (respiratory tract) ആശ്രയിച്ചിരിക്കുന്നു.
ശ്വാസകോശത്തിൽ, ഒരു മില്ലിമീറ്ററിന്‍റെ അയ്യായിരത്തിലൊരംശം വരുന്ന അഞ്ച് മൈക്രോണിൽ താഴെയുള്ള ചെറിയ കണങ്ങളാണ് കൂടുതലും ഉത്പാദിപ്പിക്കപ്പെടുന്നത്. അവയെ PM5 എന്ന് വിളിക്കുന്നു. എന്നാൽ ശ്വസനനാളത്തിന്‍റെ മുകൾ ഭാഗത്ത് (upper respiratory tract) വലിയ കണങ്ങൾ ഉത്‌പാദിപ്പിക്കപ്പെടുന്നു. കണക്കുകൾ പ്രകാരം കുട്ടികൾ മുതിർന്നവരേക്കാൾ വളരെ കുറച്ച് ചെറിയ കണങ്ങൾ ശ്വസിക്കുന്നു.
അഞ്ച് മൈക്രോണിൽ താഴെയുള്ള ചെറിയ കണങ്ങളുടെ സാന്ദ്രത പ്രായത്തിനനുസരിച്ച് വർധിക്കുകയും കുട്ടികളിൽ ഇത് വളരെ കുറവാണെന്നും പഠനത്തിൽ കണ്ടെത്തി. തൽഫലമായി, അണുബാധ ശ്വസനനാളത്തിന്‍റെ താഴെ ഭാഗത്ത് (lower respiratory tract) മാത്രമാണെങ്കിൽ മുതിർന്നവരിൽ പടരാനുള്ള സാധ്യത വളരെ കൂടുതലാണെന്നും കണ്ടെത്തിയതായി എംപിഐ-ഡിഎസിലെ (MPI-DS) ഗവേഷണ ഗ്രൂപ്പ് നേതാവും പഠനത്തിന്‍റെ പ്രധാന രചയിതാവുമായ മൊഹ്‌സെൻ ബാഗേരി പറയുന്നു.
എന്നാൽ, തൊണ്ടയിൽ നിന്ന് ഉത്ഭവിക്കുന്ന വലിയ കണികകൾ കുട്ടികളിലും മുതിർന്നവരിലും ഒരേ അളവിൽ വ്യാപിക്കുന്നതായി പഠനം പറയുന്നു. വ്യക്തിയുടെ ലിംഗഭേദം, ഭാരം, ശാരീരികക്ഷമത, പുകവലി എന്നിവയും ശ്വസിക്കുന്ന കണങ്ങളുടെ സാന്ദ്രതയും തമ്മിൽ ഒരു ബന്ധവും ഗവേഷകർ കണ്ടെത്തിയില്ല.