ന്യൂഡല്‍ഹി :സ്‌ത്രീകളില്‍ ഗര്‍ഭാശയത്തിനും പ്രത്യുത്പാദന അവയവങ്ങള്‍ക്കുമിടയിലായുള്ള സെര്‍വിക് കോശങ്ങളെ പ്രധാനമായും ബാധിക്കുന്ന സെർവിക്കൽ ക്യാൻസര്‍ തടയുന്നതിനുള്ള തദ്ദേശീയ വാക്‌സിന്‍ ഉടനെത്തും. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച ക്വാഡ്രിവാലന്റ് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്പിവി) വാക്‌സിനാണ് ഏതാനും മാസങ്ങൾക്കുള്ളിൽ പുറത്തിറങ്ങാനൊരുങ്ങുന്നത്. പൊതുജനങ്ങള്‍ക്ക് താങ്ങാനാവുന്ന 200 മുതല്‍ 400 രൂപ വിലനിരവാരത്തില്‍ ഇവ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാക്സിൻ ശാസ്‌ത്രീയമായി പൂർത്തീകരിച്ചതായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ കേന്ദ്ര ശാസ്‌ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ് ഇന്ന് (01.09.2022) പങ്കെടുത്തിരുന്നു. സെർവിക്കൽ ക്യാൻസറിനെതിരായ വാക്സിനുകൾ വികസിപ്പിക്കുന്നതിനും ആരോഗ്യ പ്രതിരോധ സംരക്ഷണത്തെക്കുറിച്ച് അവബോധം സൃഷ്‌ടിക്കാനും കൊവിഡ് മഹാമാരി സാഹചര്യം ഉപയോഗപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. "ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾ ആരോഗ്യ പ്രതിരോധ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. ബയോടെക്‌നോളജി വകുപ്പ് ഇക്കാര്യത്തിൽ മുൻകൈയെടുക്കുകയും സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു" - അദ്ദേഹം പറഞ്ഞു. ശാസ്‌ത്രപരമായ ശ്രമങ്ങൾക്ക് അർഹമായ അംഗീകാരം ലഭിക്കാറില്ലെന്നും അതിനാലാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാക്‌സിന്‍ ശാസ്‌ത്രീയമായി പൂർത്തീകരിച്ചതായുള്ള വിവരങ്ങള്‍ വന്നതോടെ ഇനി ശാസ്‌ത്ര ലോകം ഉറ്റുനോക്കുന്നത് ഇത് പൊതുജനത്തിന് ലഭ്യമാകുന്ന അടുത്ത ഘട്ടത്തിലേക്കാണ്. സെർവിക്കൽ ക്യാൻസർ വാക്സിൻ താങ്ങാനാവുന്നതും 200 മുതല്‍ 400 രൂപ പരിധിയിൽ ലഭ്യമാക്കുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ (എസ്‌ഐഐ) സിഇഒ അഡാർ പൂനവാല അറിയിച്ചു. എന്നാല്‍ അന്തിമ വില ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.