വാഷിങ്ടൺ : രക്തത്തിലെ ഉയർന്ന അളവിലെ കരോട്ടിൻ (Carotene) ധമനികളിൽ സുഗമമായി രക്തപ്രവാഹം നടത്താൻ സഹായിക്കുന്നു. തന്മൂലം ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നുവെന്ന് പഠനങ്ങൾ. IDIBAPS, UOC എന്നിവയിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ ക്ലിനിക്കൽ ന്യൂട്രീഷനിൽ ഓപ്പൺ ആക്‌സസ് എന്ന നിലയിൽ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തിന്‍റെ കണ്ടെത്തലുകളാണിത്.
ഗവേഷകയായ ജെമ്മ ചിവ ബ്ലാഞ്ചാണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. യൂണിവേഴ്‌സിറ്റാറ്റ് ഒബെർട്ട ഡി കാറ്റലൂനിയയുടെ (UOC) ഹെൽത്ത് സയൻസസ് ഫാക്കൽറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും ഗവേഷകയുമാണ് ജെമ്മ ചിവ ബ്ലാഞ്ച്.
ആർട്ടീരിയോസ്ക്ലെറോസിസ് (Atherosclerosis):നമ്മുടെ ധമനികളുടെ ഭിത്തികളിൽ ഫാറ്റി പ്ലാക്കുകൾ വികസിക്കുകയും അവയെ ദൃഢമാക്കുകയും ചെയ്യുന്ന അവസ്ഥയാണ് ആർട്ടീരിയോസ്ക്ലെറോസിസ് (Atherosclerosis). അതായത്, രക്തക്കുഴലുകളുടെ ആന്തരിക ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണിത്. സാധാരണയായി എൽഡിഎൽ കൊളസ്ട്രോളാണ് അടിഞ്ഞുകൂടുന്നത്. ഇത്തരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിലൂടെ രക്തക്കുഴലിന്‍റെ വ്യാസം കുറയുകയും ഇത് രക്തപ്രവാഹ പ്രക്രിയയെ തടസപ്പെടുത്തുകയും ചെയ്യുന്നു.
ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന ധമനികളിൽ ഇത് സംഭവിക്കുമ്പോൾ, അതിനെ കൊറോണറി ആർട്ടറി ഡിസീസ് എന്ന് വിളിക്കുന്നു. എഎസ്‌സിവിഡി (ASCVD) ഹൃദയത്തിലേക്ക് ആവശ്യത്തിന് രക്തം നൽകാതെ ഹൃദയാഘാതത്തിനും തലച്ചോറിലേക്ക് വേണ്ടത്ര രക്തം നൽകാതെ ഇസ്കെമിക് സ്ട്രോക്കുകൾക്കും ഇത് കാരണമാകുന്നു. തലച്ചോറിലേക്ക് രക്തം ഒഴുകാതാകുന്നതോടെ മസ്‌തിഷ്‌ക കോശങ്ങൾ നശിക്കുന്നു. ഇതോടെ ഇസ്കെമിക് സ്ട്രോക്ക് ഉണ്ടാകുന്നു.
കരോട്ടിനുകളുടെ (Carotene) പങ്ക്: ഹൃദയ സംബന്ധമായ അസുഖങ്ങളിൽ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. ജീവിതരീതിയും ഭക്ഷണക്രമവുമാണ് മനുഷ്യന്‍റെ ആരോഗ്യത്തെ നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. ശരിയായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സാധിക്കും. കാരറ്റ്, ചീര, തക്കാളി, മധുരക്കിഴങ്ങ്, ബ്രൊക്കോളി, കാന്താലൂപ്പ്, കുരുമുളക്, മാമ്പഴം, പപ്പായ, ആപ്രിക്കോട്ട്, ലോക്വാട്ട്, മത്തങ്ങ തുടങ്ങിയ മഞ്ഞ, ഓറഞ്ച്, പച്ച പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളാണ് കരോട്ടിനുകൾ.
കരോട്ടിനുകൾ രക്തപ്രവാഹം സുഗമമായി നടക്കാൻ സഹായിക്കുന്നവയാണ്. പഠനത്തിനായി 50നും 70നും ഇടയിൽ പ്രായമുള്ള 200 പേരെ പരിശോധനയ്‌ക്ക് വിധേയമാക്കി. പഠനത്തിൽ പങ്കെടുത്ത സന്നദ്ധ പ്രവർത്തകരെ രണ്ട് പാരാമീറ്ററുകൾ ഉപയോഗിച്ച് വിശകലനം ചെയ്‌തു. രക്തത്തിലെ കരോട്ടിനുകളുടെ സാന്ദ്രത, അൾട്രാസൗണ്ട് ഇമേജിങ് വഴി കരോട്ടിഡ് ധമനിയിൽ ആർട്ടീരിയോസ്ക്ലെറോസിസിന്‍റെ സാന്നിധ്യം എന്നിവയാണ് പഠനവിധേയമാക്കിയത്.
രക്തത്തിലെ കരോട്ടിന്‍റെ സാന്നിധ്യം ആർട്ടീരിയോസ്ക്ലെറോസിസ് കുറയ്‌ക്കാൻ സഹായിക്കുന്നു. പ്രത്യേകിച്ച് സ്ത്രീകളിലാണ് ഇത് കണ്ടെത്തിയത്. അതിനാൽ, പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണക്രമം, കരോട്ടിൻ അടങ്ങിയ ഭക്ഷണം ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് സ്ഥിരീകരിക്കാൻ കഴിയുമെന്ന് ചിവ ബ്ലാഞ്ച് പറഞ്ഞു.
ഹൃദ്രോഗത്തിന്‍റെ കാരണങ്ങൾ : ഉയർന്ന രക്തസമ്മർദം, പുകവലി, ഉയർന്ന കൊളസ്ട്രോൾ, അമിതഭാരം എന്നിവയാണ് ഹൃദ്രോഗത്തിന്‍റെ പ്രധാന കാരണങ്ങളായി കണക്കാക്കാറുള്ളത്. എന്നാൽ ഈ ഘടകങ്ങൾ ഒന്നും തന്നെ ഇല്ലാതെയും പലർക്കും ഹൃദയാഘാതം സംഭവിക്കുന്നു. സന്ധിവാതം, സോറിയാസിസ്, ആമാശയ നീർക്കെട്ട്, റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളും ഹൃദ്‌രോഗത്തിലേക്ക് നയിക്കും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇവയുടെ പൊതുവായുള്ള ലക്ഷണം വിട്ടുമാറാത്ത വീക്കമാണ് (chronic inflammation).
Also Read :സൂക്ഷിക്കൂ, പരമ്പരാഗത കാരണങ്ങൾ മാത്രമല്ല, ഇവയും ഹൃദ്രോഗത്തിന് കാരണമായേക്കാം