ഓറല്‍ സെക്‌സിലേര്‍പ്പെടുന്നവരില്‍ തൊണ്ടയില്‍ അർബുദമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍. ഓറല്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ പകരുന്ന ഹ്യൂമന്‍ പാപ്പിലോമാ എന്ന വൈറസ് (എച്ച്പിവി) തൊണ്ടയില്‍ അര്‍ബുദമുണ്ടാകാന്‍ കാരണമാകുന്നു. എച്ച്പിവി വൈറസ് മൂലമുണ്ടാകുന്ന തൊണ്ടയിലെ അര്‍ബുദങ്ങളുടെ എണ്ണം അടുത്ത കാലത്തായി വർധിച്ചിട്ടുണ്ടെന്നാണ് ബെല്‍ജിയത്തിലെ യൂണിവേഴ്‌സിറ്റി ലൂവെന്നിലെ പ്രൊഫസറായ ഡോ. പിയറി ഡെലേർ പറയുന്നത്.
ലൈംഗിക ബന്ധം വഴി പടരുന്ന വൈറസാണ് ഹ്യൂമന്‍ പാപ്പിലോമ വൈറസ്. എച്ച്പിവി വൈറസ് ശരീരത്തില്‍ പ്രവേശിച്ചുവെന്ന് കരുതി അര്‍ബുദമുണ്ടാകണമെന്നില്ല. നൂറിലധികം എച്ച്പിവി വൈറസുകളുള്ളതില്‍ ഏകദേശം 14 എണ്ണമാണ് അര്‍ബുദത്തിന് കാരണമാകുന്നത്. തൊണ്ടയിലെ അർബുദത്തിന് കാരണമാകുന്നത് എച്ച്പിവി 16 വൈറസാണ്.
പ്രധാന ലക്ഷണങ്ങള്‍ :സെക്ഷ്വലി ആക്‌റ്റീവായ ഒരാളുടെ ശരീരത്തില്‍ പ്രവേശിക്കുന്ന എച്ച്പിവി വൈറസിനെ സാധാരണയായി ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം നീക്കം ചെയ്യാറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ഈ വൈറസ് ഓറല്‍ കാവിറ്റിയിലെ കോശങ്ങളില്‍ നിലനില്‍ക്കുകയും ഇത് മൂലം അവിടെ വിട്ടുമാറാത്ത അണുബാധയുണ്ടാകുകയും ചെയ്യും. തൽഫലമായി, കോശങ്ങൾക്ക് മ്യൂട്ടേഷന്‍ സംഭവിക്കുകയും ഇത് തൊണ്ടയിലെ അര്‍ബുദമായി മാറുകയും ചെയ്യുന്നു' - ഡെലയർ വിശദീകരിക്കുന്നു.
നേസല്‍ കാവിറ്റി, ഓറല്‍ കാവിറ്റി, ടോണ്‍സില്‍സ്, നാക്കിന്‍റെ ഉള്‍ഭാഗം തുടങ്ങി തൊണ്ടയുടെ പല ഭാഗങ്ങളിലും അര്‍ബുദമുണ്ടാകാറുണ്ട്. സ്ഥിരമായ തൊണ്ടവേദന, ചുമയ്‌ക്കുമ്പോള്‍ രക്തം വരിക, തൊണ്ടയടപ്പ്, വിഴുങ്ങുമ്പോൾ അസ്വസ്ഥത തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. ആദ്യ ഘട്ടങ്ങളില്‍ പലപ്പോഴും രോഗലക്ഷണങ്ങൾ തിരിച്ചറിയാതെ പോകാറുണ്ട്. അര്‍ബുദത്തിന്‍റെ അഡ്വാന്‍സ്‌ഡ് ഘട്ടത്തിൽ കഴുത്തിലെ ഗ്രന്ഥി വീർത്തതായി കാണപ്പെടുന്നത് ട്യൂമറിന്‍റെ ലക്ഷണമാണെന്ന് പ്രൊഫസർ ഡെലയർ പറയുന്നു.
കൂടുതലും പുരുഷന്മാരില്‍ :തൊണ്ടയിലെ അര്‍ബുദം സ്‌ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്മാരിലാണ് കാണപ്പെടുന്നത്. പുരുഷന്മാരില്‍ പുകവലി ശീലം കൂടുതലാണ് എന്നതാണ് ഇതിന്‍റെ പ്രധാന കാരണം. എന്നാല്‍ തൊണ്ടയിലെ അര്‍ബുദം സ്‌ത്രീകളിലും അടുത്ത കാലത്തായി വര്‍ധിച്ചിട്ടുണ്ടെന്ന് ഡെലയർ പറയുന്നു.
എച്ച്പിവി വൈറസ് മൂലമുണ്ടാകുന്ന തൊണ്ടയിലെ അർബുദത്തിന് റേഡിയേഷനും കീമോതെറാപ്പിയുമാണ് ചികിത്സ. പുകവലിയും പുകയില ഉത്പന്നങ്ങളുടെ ഉപയോഗം മൂലവുമുണ്ടാകുന്ന അർബുദത്തിനും സമാന ചികിത്സ തന്നെയാണ് പിന്തുടരാറുള്ളത്. എന്നാൽ അര്‍ബുദത്തിന്‍റെ അഡ്വാന്‍സ്‌ഡ് ഘട്ടങ്ങളിലുള്ളവര്‍ക്ക് പലപ്പോഴും തൊണ്ടയുടെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിവരും.
ഇതുമൂലം ഭാവിയില്‍ സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഉള്‍പ്പടെ പല ശാരീരിക ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുമെന്നും ഡെലയർ കൂട്ടിച്ചേർത്തു. തൊണ്ടയിലെ അര്‍ബുദം ആദ്യഘട്ടത്തിൽ കണ്ടെത്തിയാൽ ഭേദമാകാനുള്ള സാധ്യത 90 ശതമാനമാണ്. വൈകി കണ്ടുപിടിക്കുമ്പോൾ, രോഗശമനത്തിനുള്ള സാധ്യത 60 ശതമാനവുമാണ്.