ഹൈദരാബാദ്:ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്‍റെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി യുഎസിലെ ഒരു സംഘം ഡോക്‌ടര്‍മാര്‍. ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിലുണ്ടായ അപൂര്‍വ്വ രോഗം പരിഹരിക്കാനാണ് ഇത്തരത്തിലൊരു ശസ്‌ത്രക്രിയ നടത്തിയത്. ലോകത്താദ്യമായാണ് ഇത്തരമൊരു ശസ്‌ത്രക്രിയ നടത്തിയത്. വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ" എന്ന അപൂർവ രോഗത്തെ തുടര്‍ന്നാണ് ഡോക്‌ടര്‍മാരുടെ പരീക്ഷണ ശസ്‌ത്രക്രിയ.
വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ എന്ന അപൂര്‍വ രോഗം:ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറില്‍ നിന്ന് ഹൃദയത്തിലേക്ക് രക്തം വഹിച്ച് കൊണ്ട് പോകുന്ന കുഴല്‍ ശരിയായി വികസിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ശരിയായി രക്തയോട്ടം നടക്കാതിരിക്കുകയും തുടര്‍ന്ന് അത് ശിശുവില്‍ അമിത രക്തസമ്മര്‍ദം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്‌തു. ഇത് കുഞ്ഞിന് ശ്വസന ബുദ്ധിമുട്ടുകള്‍ക്കും കാരണമായി.
ഗര്‍ഭാവസ്ഥയുടെ 30 ആഴ്‌ച പിന്നിടുമ്പോള്‍ നടത്തുന്ന പതിവ് അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിലൂടെയാണ് കുഞ്ഞിലെ അപൂര്‍വ രോഗം കണ്ടെത്തിയത്. ഇത് കുഞ്ഞിന്‍റെ ജീവന്‍ അപകടത്തിലാക്കുമെന്ന് മനസിലാക്കിയതിനെ തുടര്‍ന്നാണ് ഗര്‍ഭാവസ്ഥയില്‍ തന്നെ ശിശുവിനെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയമാക്കാന്‍ ഡോക്‌ടര്‍മാര്‍ തീരുമാനിച്ചത്. ഗര്‍ഭാവസ്ഥയുടെ 34ാം ആഴ്‌ചയിലാണ് ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്‌പിറ്റലിലെയും ബ്രിഗാം വിമൻസ് ഹോസ്‌പിറ്റലിലെയും ഡോക്‌ടര്‍ ചേര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയത്.
വീനസ് ഓഫ് ഗാലൻ മാൽഫോർമേഷൻ അപകടകരം:ഗര്‍ഭസ്ഥ ശിശുക്കളിലുണ്ടാകുന്ന ഇത്തരം രോഗാവസ്ഥ കുഞ്ഞുങ്ങളില്‍ മസ്‌തിഷ്‌ക ക്ഷതത്തിന് കാരണമാകാറുണ്ടെന്ന് ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ. ഡാരന്‍ ഓര്‍ബാച്ച് പറഞ്ഞു. ശിശുക്കളിലെ ഈ അവസ്ഥ ജനിച്ച ഉടന്‍ ഹൃദയസ്‌തംഭനമുണ്ടാകാന്‍ കാരണമാകുമെന്നും ഓര്‍ബാച്ച് വ്യക്തമാക്കി. സാധാരണഗതിയില്‍ ജനന ശേഷമാണ് കുഞ്ഞുങ്ങളില്‍ ഇത്തരം രോഗം കാണാറുള്ളത്.