മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതെ സ്‌കിൻ ക്ലിയറായി ഇരിക്കാൻ ആഗ്രഹിക്കുന്നവരാണ് ഏറെയും. ആരോഗ്യമുള്ളതും തിളക്കമുള്ളതുമായ ചർമത്തിന് ജലാംശം അത്യാവശ്യമാണ്. മൂന്ന് പാളികൾ ചേർന്നതാണ് നമ്മുടെ ചർമം. ചർമത്തിൽ ഈർപ്പമില്ലെങ്കിൽ, പുറം പാളിയിലെ മൃദുലത നഷ്‌ടപ്പെട്ട് പ്രായം കൂടിയതായി തോന്നും.
ജലാംശമുള്ള ചർമം കൂടുതൽ യുവത്വമുള്ളതും തിളക്കമുള്ളതുമായി കാണപ്പെടുന്നു. അതിനാല്‍ സൗന്ദര്യ സംരക്ഷണ ഉൽപ്പന്നങ്ങൾ തെരഞ്ഞെടുക്കുമ്പോൾ ചർമത്തിലെ ഈർപ്പം നിലനിർത്താൻ കഴിയുന്നതാണോയെന്ന് പ്രത്യേകം ശ്രദ്ധിക്കണം. മുഖത്തിന്‍റെ സ്വാഭാവിക ഈർപ്പവും പിഎച്ചും നിലനിർത്താന്‍ ഏറ്റവും മികച്ചതാണ് കറ്റാർവാഴ.
മുഖക്കുരു മുതൽ ചർമത്തിലെ നിരവധി പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പരിഹാരമാണ് കറ്റാര്‍വാഴ. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങളുള്ള കറ്റാർവാഴ സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതായാണ് കരുതുന്നത്.
എന്താണ് പിങ്ക് കറ്റാർവാഴ?: ചർമത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് പിങ്ക് കറ്റാര്‍വാഴ (അലോവര). പിങ്ക് കറ്റാർവാഴയിൽ ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിനുകൾ, ചർമത്തിന് ഗുണം ചെയ്യുന്ന മറ്റ് ഘടകങ്ങൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.
പച്ച കറ്റാർവാഴയിൽ നിന്ന് വേർതിരിച്ചെടുത്ത് നിയന്ത്രിത താപനിലയിൽ ഓക്‌സിഡൈസ് ചെയ്‌താണ് പിങ്ക് കറ്റാർവാഴ നിർമിക്കുന്നത്. പിങ്ക് കറ്റാർവാഴയിലുള്ള അലോയ് ഇമോഡിനില്‍ ആന്‍റി ഓക്‌സിഡന്‍റുകളുടെ സാന്നിധ്യം കൂടുതലായിരിക്കും. ഇത് ചർമത്തെ പുനരുജ്ജീവിപ്പിക്കുകയും ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു.
പിങ്ക് കറ്റാർവാഴയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ ചർമത്തിന്‍റെ സ്വാഭാവികമായ ഈർപ്പം നിലനിർത്തുകയും ചർമം വരണ്ട് പോകാതിരിക്കാൻ സഹായിക്കുകയും അന്തരീക്ഷ മലിനീകരണത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ചര്‍മത്തിന് ഈര്‍പ്പം നല്‍കുമെന്നതിനാല്‍ ക്രീമുകള്‍ക്ക് പകരം ഇത് ഉപയോഗിക്കാം.
പിങ്ക് കറ്റാർവാഴയുടെ ഗുണങ്ങൾ:ഏത് ചർമത്തിനും ഒരുപോലെ അനുയോജ്യമാണ് പിങ്ക് കറ്റാർവാഴ. എണ്ണമയമുള്ള ചർമത്തിൽ വേഗത്തിൽ ആഗിരണം ചെയ്യുകയും വരണ്ട ചർമത്തെ മോയ്‌സ്‌ചറൈസ് ചെയ്യുകയും ചെയ്യുന്നു. ചർമത്തിന് ജലാംശം നൽകുന്നതിന് പച്ച കറ്റാർവാഴയേക്കാൾ വളരെ ഫലപ്രദമാണ് പിങ്ക് കറ്റാർവാഴ.
വിറ്റാമിൻ ഇ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ചർമത്തിലെ ചുളിവുകൾ നീക്കാൻ ഏറെ നല്ലതാണ് കറ്റാർവാഴ. നല്ലൊരു ആന്‍റി ഏജിങ് ക്രീമായി കറ്റാർവാഴ ഉപയോഗിക്കാം. മുഖത്തിന്‍റെ സ്വാഭാവികത നിലനിർത്തി പ്രായം തോന്നാതിരിക്കാൻ കറ്റാര്‍വാഴ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ലതാണ്.
ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഫംഗൽ ഗുണങ്ങൾക്ക് പുറമേ ചര്‍മത്തെ മൃദുവാക്കുന്ന സാലിസിലിക് ഗുണങ്ങൾ കൂടി അടങ്ങിയതാണ് കറ്റാർവാഴ. കറ്റാർവാഴ ജെൽ പതിവായി മുഖത്ത് പുരട്ടിയാൽ മുഖക്കുരുവും കറുത്ത പാടുകളും മാറും.
മേക്കപ്പ് ഉൽപ്പന്നങ്ങളിലെ താരം:പിങ്ക് കറ്റാർവാഴ അടങ്ങിയ മോയിസ്‌ചറൈസറുകൾ, സെറം, ടോണറുകൾ, ഡേ ജെൽസ്, ഫേസ് ക്ലെൻസറുകൾ തുടങ്ങിയ ചർമ സംരക്ഷണ ഉൽപ്പന്നങ്ങൾ വളരെ മികച്ചതാണ്. ദിവസം മുഴുവൻ ചർമം ഫ്രഷായി നിലനിർത്തും.
കണ്ണുകൾക്ക് താഴെയുള്ള വീക്കവും ചെറിയ ചുളിവുകളും കുറയ്ക്കാനും കറ്റാര്‍വാഴ ഗുണം ചെയ്യും. ചർമ സംരക്ഷണത്തിൽ പിങ്ക് കറ്റാർവാഴ ഉപയോഗിക്കുമ്പോൾ, ഉൽപ്പന്നങ്ങൾക്ക് എണ്ണമയമില്ലാത്തതും ഒട്ടിപ്പിടിക്കാത്തതുമായി അനുഭവപ്പെടും.