തിരുവനന്തപുരം:നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വവ്വാൽ സർവെയ്‌ക്ക് വേണ്ടി കേരളത്തിലേക്ക് പ്രത്യേക സംഘമെത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. നിയമസഭയിലെ ചോദ്യോത്തര വേളയിൽ രമേശ് ചെന്നിത്തല ഉൾപ്പടെയുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇന്ന് വൈകിട്ടാണ് കേന്ദ്ര സംഘം സംസ്ഥാനത്ത് എത്തുക.
എൻ ഐ ബി പൂനെയിൽ നിന്നുള്ള സംഘം മൊബൈൽ ലാബ് സെറ്റ് ചെയ്യാൻ ഇന്ന് എത്തുമെന്ന് മന്ത്രി അറിയിച്ചു. സെപ്റ്റംബർ 11ന് ആയിരുന്നു അസ്വാഭാവിക രോഗം ശ്രദ്ധയിൽപ്പെടുന്നത്. കോഴിക്കോടുള്ള ബി എസ് എൽ ലെവൽ 2 ലാബിൽ നടത്തിയ പരിശോധനയിൽ നിപയാണെന്ന് സംശയം ഉയരുകയും പിന്നീട് പൂനെയിൽ നിന്നും രാത്രി സ്ഥിരീകരണം വരികയുമായിരുന്നു.
പിന്നാലെ രാത്രി തന്നെ ആരോഗ്യ വകുപ്പിന്‍റെ അടിയന്തര യോഗം ചേർന്നു. 2021 ലെ പുതുക്കിയ പ്രോട്ടോകോൾ പ്രകാരം 16 കോർ ടീമുകൾ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരുന്നിന് അനുബന്ധമായ മറ്റു സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്ലാൻ എ, പ്ലാൻ ബി, പ്ലാൻ സി എന്നിങ്ങനെ രോഗികളെ പ്രവേശിപ്പിക്കാൻ കഴിയുന്ന തരത്തിൽ പ്രവർത്തനങ്ങൾ നടത്തി വരികയാണെന്നും വീണ ജോർജ് വ്യക്തമാക്കി.
മോണോകോണൽ ആന്‍റിബോഡി ഇവിടെ എത്തിക്കാമെന്ന് ഐ സി എം ആർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് വിമാനത്താവളം വഴി ഇന്ന് വൈകിട്ടോടെ ആന്‍റിബോഡി എത്തും. ജില്ലയിൽ ഇന്നലെ വകുപ്പുകളുടെ ഏകോപന യോഗം മന്ത്രി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ നടന്നു.
നിപ പോസിറ്റീവാണെന്ന് രാത്രി വൈകിയാണ് മനസിലാക്കിയതെന്ന് പറഞ്ഞ മന്ത്രി വൈറസ് പരിശോധിക്കാൻ പ്രത്യേക മാനദണ്ഡം സംസ്ഥാനത്തുണ്ടെന്നും ചൂണ്ടിക്കാട്ടി. സാങ്കേതികമായി പൂനെയിലെ ലാബിൽ പരിശോധന നടത്തി മാത്രമേ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ സാധിക്കൂ. കോഴിക്കോട് മെഡിക്കൽ കോളജിൽ ഇതിനായി പുതിയൊരു ലാബ് കൂടി തയ്യാറാക്കുന്നുണ്ട്. ഇതിന്‍റെ പ്രവർത്തനങ്ങൾ നടന്ന് വരികയാണ്.
2018 ൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തപ്പോൾ തന്നെ പ്രോട്ടോകോൾ തയ്യാറാക്കി. പിന്നീട് 2021 ൽ ഇത് പരിഷ്‌കരിച്ചു. നിലവിൽ പ്രോട്ടോകോൾ പരിഷ്‌കരിക്കേണ്ട സാഹചര്യമില്ലെന്നാണ് വിലയിരുത്തലെന്നും നിപ പ്രതിസന്ധി നേരിടാൻ സംസ്ഥാന സർക്കാരിന്‍റെ സംവിധാനം സജ്ജമാണെന്നും ആരോഗ്യ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ഡിജിറ്റൽ ഹെൽത്ത്, ഇ ഹെൽത്ത് സംവിധാനം രോഗി സൗഹൃദമാണ്. പേപ്പർ രഹിത ആശുപത്രികളായി എല്ലാ ആശുപത്രികളും മാറണം. ഇതിനായാണ് ഇ ഹെൽത്ത് സംവിധാനം കൊണ്ട് വരുന്നത്. സ്റ്റേറ്റ് ഡാറ്റാ ഹബ്ബിൽ സൂക്ഷിച്ചിട്ടുള്ള ഡാറ്റാ വ്യക്തികളുടെ അനുമതി ഇല്ലാതെ ഡോക്‌ടർക്ക് ശേഖരിക്കാനാകില്ല.
ആശുപത്രികളിൽ ഉണ്ടാകുന്ന പ്ലാസ്റ്റിക്, ടാബ്ലറ്റ് വേസ്റ്റ് എന്നിവ ശേഖരിക്കാൻ മെറ്റീരിയൽ കലക്ഷൻ സെന്‍ററുകൾ ഒരു വർഷത്തിനുള്ളിൽ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ആശുപത്രികളിലെ ക്യു ഒഴിവാക്കാൻ നേരത്തെ ബുക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്. പണമിടപാട് കൂടി ഓൺലൈൻ ആക്കാനുള്ള സംവിധാനം തയ്യാറാകുന്നുണ്ടെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ പറഞ്ഞു.