മണ്‍സൂണ്‍ പോലുള്ള സൂര്യപ്രകാശം കുറഞ്ഞ ഇരുണ്ട കാലാവസ്ഥയിലാണ് സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡര്‍ (SAD) ഉണ്ടാവാറുള്ളത്. ക്ഷീണം, വിഷാദം, നിരാശ, സാമൂഹികമായ പങ്കാളിത്തത്തില്‍ നിന്ന് പിന്തിരിഞ്ഞു നില്‍ക്കല്‍ തുടങ്ങിയവയെല്ലാം ഒരുപക്ഷ ഇതിന്‍റെ ലക്ഷണങ്ങളാവാം. കാലാവസ്ഥയില്‍ ഇടക്കിടെയുണ്ടാകുന്ന മാറ്റങ്ങളും, അന്തരീക്ഷത്തിലെ സൂര്യപ്രകാശത്തിന്‍റെ അളവിലുള്ള കുറവും ഏതാണ്ട് എല്ലാവരിലും പ്രതികൂലമായാവും പ്രതിഫലിക്കുക. മഴക്കാലത്താവും ഇത് രൂക്ഷമാവാന്‍ സാധ്യത.
അതുകൊണ്ട് തന്നെ മണ്‍സൂണില്‍ പ്രകടമായി കാണാറുള്ള ഈ സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡറിനെ 'മണ്‍സൂണ്‍ ബ്ലൂസ്' എന്നും പറയാറുണ്ട്. ഉഷ്‌ണകാലത്ത് കൂടുതല്‍ ആളുകളും മണ്‍സൂണ്‍ എത്താന്‍ കാത്തിരിക്കുകയാവും. കാരണം റൊമാന്‍സ് ഇഷ്‌ടപ്പെടുന്നവരും, ഒഴിവുസമയം ഇഷ്‌ടപ്പെടുന്നവര്‍ക്കും മണ്‍സൂണിനോളം പ്രിയപ്പെട്ട മറ്റൊരു കാലാവസ്ഥ കാണില്ല. ഹിന്ദി ചിത്രങ്ങള്‍ പരിശോധിച്ചാല്‍ മഴയ്‌ക്കും റൊമാന്‍സിനും പ്രത്യേക ബന്ധം തന്നെ ഉള്ളതായി കാണാനാവും. എന്നാല്‍ തുടര്‍ച്ചയായ മഴയും, മൂടിക്കെട്ടിയ ആകാശവും പതിയെ സങ്കടത്തിലേക്കും വിഷാദത്തിലേക്കും മാറുകയാണ് പതിവ്.
മണ്‍സൂണിലെന്ന പോലെ ശൈത്യകാലത്തും സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡര്‍ കണ്ടുവരാറുണ്ട്. അതുകൊണ്ട് തന്നെ വിദഗ്‌ദരുടെ അഭിപ്രായത്തില്‍ കാലാവസ്ഥ ഒരു വ്യക്തിയുടെ സ്വഭാവത്തെ മാത്രമല്ല, ആരോഗ്യത്തെയും നേരിട്ട് ബാധിക്കും. സൂര്യപ്രകാശവും വെളിച്ചവും ശരീരത്തിന് അത്രമാത്രം ആവശ്യമുള്ളതാണ്. എന്നാല്‍, മഴക്കാലത്തും, ശൈത്യകാലത്തും നേരിട്ടുള്ള സൂര്യപ്രകാശം ദീര്‍ഘനാളത്തേക്ക് ലഭിക്കാതെ വരുന്നതിനാല്‍ അത് വ്യക്തിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ വളരെയധികം ബാധിക്കാറുണ്ട്. ഇത്തരക്കാരില്‍ സീസണല്‍ അഫക്‌റ്റീവ് ഡിസോര്‍ഡറാവും ഫലം.
മാനസികാരോഗ്യ വിദഗ്‌ദരുടെ അഭിപ്രായത്തില്‍ ദീര്‍ഘനാള്‍ സൂര്യപ്രകാശം ലഭിക്കാതെ വരുന്നത് മണ്‍സൂണ്‍ ബ്ലൂവിനും, വിന്‍റര്‍ ബ്ലൂവിനും കാരണമായേക്കാം എന്നാണ്. ഈ രണ്ട് അവസ്ഥയിലും ഇത് ബാധിച്ച വ്യക്തി വിഷാദത്തിലാകാനും, ഇയാളുടെ മനോനില പൊടുന്നനെ മാറാനും, കാരണമില്ലാതെ സങ്കടപ്പെടാനും ഇടയുണ്ട്. മാനസിക നിലയില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങുന്നതോടെ അത് അവരുടെ സ്വഭാവത്തിലും, ദൈനംദിന പ്രവര്‍ത്തികളിലും, ഒരുപക്ഷെ ഇവരുടെ സ്വകാര്യവും, സാമൂഹികമായുള്ള ജീവിത ഇടപെടലുകളിലും പ്രതിഫലിക്കാറുണ്ട്.
Also Read: വ്യായാമം ചെയ്യാൻ മടിയാണോ? ചികിത്സയിലൂടെയും 'മസില്‍ മാൻ' ആവാം! പുതിയ കണ്ടുപിടിത്തവുമായി ഗവേഷകര്‍
രോഗാവസ്ഥയുടെ കാരണങ്ങള്‍ ഇതാണ്:
നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് (എന്‍ഐഎംഎച്ച്) ന്‍റെ കണ്ടെത്തലില്‍ ഇരുണ്ട കാലാവസ്ഥയില്‍ ഇത്തരം മാനസിക ക്രമക്കേടുകള്‍ സാധാരണമാണ്. 'ഹൈപ്പോതലാമസിലെ പ്രശ്‌നങ്ങൾ', 'സെറോടോണിൻ ന്യൂറോണുകളുടെ കുറവ്', 'ശരീരത്തിലെ ജൈവഘടികാരത്താലുള്ള അസ്വസ്ഥതകൾ' എന്നിവയാണ് ഈ വിഷയത്തില്‍ നടത്തിയ ഗവേഷണങ്ങളില്‍ പ്രധാനമായും കണ്ടെത്തിയത്. ഈ മൂന്ന് അവസ്ഥകളും ഉണ്ടാകുന്നതാവട്ടെ ശരിയായ രീതിയില്‍ സൂര്യപ്രകാശം ലഭിക്കാത്തത് കൊണ്ടും.