കാസർകോട്: ലഹരിയെന്ന വിപത്തിനെ പൂർണ്ണമായും മാറ്റിനിർത്തിയ ഒരു ഗ്രാമമുണ്ട് കാസർകോട്. രണ്ടായിരത്തി അഞ്ഞൂറോളം കുടുംബങ്ങൾ കഴിയുന്ന കൊളവയൽ ഗ്രാമമാണ് ലഹരിയെ അകറ്റി കേരളത്തിന് തന്നെ മാതൃകയാകുന്നത്. നാട് ലഹരിക്കടിമപ്പെട്ട് പോകാതിരിക്കാൻ ജാഗ്രതയിലാണ് ഇവിടുത്തുകാർ. പൊലീസിന്‍റെയും നാട്ടുകാരുടെയും മാസങ്ങളായുള്ള പരിശ്രമത്തിന്‍റെ വിജയമാണ് 'ലഹരിമുക്ത കൊളവയൽ ഗ്രാമം '.
ലഹരിക്കടിമയായ നിരവധി യുവാക്കളാണ് നാട്ടുകാരുടെയും പൊലീസിന്‍റെയും ഇടപെടലിലൂടെ ലഹരി ഉപേക്ഷിച്ച് പുതിയ ജീവതത്തിലേക്ക് എത്തിയത്. ലഹരിക്കെതിരെ നാടൊന്നാകെ കൈകോർത്ത് മനുഷ്യചങ്ങല തീർക്കുകയും ചെയ്‌തു. ഹൊസ്‌ദുർഗ് പൊലീസ് സ്‌റ്റേഷൻ പരിധിയിലാണ് കൊളവയൽ ഗ്രാമം.
12 മുസ്‌ലിം പള്ളികളും ആറ് ക്ഷേത്രങ്ങളും നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട് ഈ ഗ്രാമത്തിൽ. ലഹരി മരുന്ന് ഉപയോഗം തടയാൻ പൊലീസ് വിവിധ മാർഗങ്ങൾ പ്രയോഗിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. പിന്നീട് നാട്ടുകാരെ ചേർത്തു നിർത്തി ബോധവത്ക്കരണം ആരംഭിച്ചു.
ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് തുടർച്ചയായി കൊളവയൽ സ്വദേശികൾ പിടിയിലായതോടെയാണ് പോരാട്ടം തുടങ്ങിയത്. നാട്ടുകാരും പൊലീസിനൊപ്പം ഒറ്റക്കെട്ടായി നിന്നു. അന്വേഷണം ആരംഭിച്ചപ്പോൾ യുവാക്കളിൽ പലരും ലഹരിയുടെ വലയിലകപ്പെട്ടതായി തിരിച്ചറിഞ്ഞു.