ഇന്ത്യയിലെ കൗമാരക്കാരികളിൽ (Female Teens In India) 10ൽ ആറ് പേരിലും വിളർച്ച (Anemia) ഉണ്ടാകുന്നതായി റിപ്പോർട്ടുകൾ. ദേശീയ കുടുംബാരോഗ്യ സർവേകളിൽ (National Family Health Surveys ) നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്‌ത ഇന്ത്യൻ ഗവേഷകരുടേതാണ് റിപ്പോർട്ട്. കൗമാരത്തിലുള്ള വിവാഹം, മാതൃത്വം, പോക്ഷകാഹാരങ്ങളുടെ കുറവ് എന്നിവയെല്ലാം വിളർച്ചയുടെ അപകടസാധ്യത വർധിപ്പിക്കുന്ന ഘടകങ്ങളാണ്.
പ്രത്യേകിച്ച് 15 മുതൽ 19 വയസുവരെ പ്രായമായ പെൺകുട്ടികളിലാണ് വിളർച്ച അപകടകരമായ രീതിയിൽ കാണപ്പെടുന്നതെന്ന് ഉത്തർപ്രദേശിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ വിളർച്ച അധികമുള്ള രാജ്യങ്ങൾ 2015 - 16ൽ അഞ്ചായിരുന്നെങ്കിൽ 2019 - 21 വർഷങ്ങളിൽ 11ായി ഉയർന്നു. ഇന്ത്യയിലെ പെൺകുട്ടികളിൽ കണ്ടുവരുന്ന ഈ പ്രശ്‌നത്തിന് പ്രധാനകാരണം രക്തത്തിലെ ചുവന്ന രക്താണുക്കളുടെ കുറവാണ് (Deficiency In Red Blood Cells).
ഇതുമൂലം പെൺകുട്ടികളിൽ ഊർജം വളരെ കുറയുന്നതായും കാണപ്പെടുന്നു. ഒരു ലക്ഷത്തിലധികം കൗമാരക്കാരിൽ നടത്തിയ പഠനത്തിലൂടെ അനീമിയയുടെ വ്യാപനവും ഈ രോഗത്തിന്‍റെ അപകട സാധ്യത വർധിക്കാനുള്ള ഘടകങ്ങളും കണ്ടെത്തി. 18 വയസിന് മുൻപ് വിവാഹിതരായ പെൺകുട്ടികളിൽ അനീമിയയുടെ വ്യാപനം കൂടുതലാണ്. രണ്ട് കുട്ടികളിൽ കൂടുതലുള്ള കൗമാരാക്കാരായ അമ്മമാർക്കും മുലയൂട്ടുന്നവർക്കും കുട്ടികളില്ലാത്തവരേക്കാൾ വിളർച്ച കൂടുതലാണ്.
ഗ്രാമവാസികളെ അപേക്ഷിച്ച് കൂടുതൽ വിദ്യാസമ്പന്നരായ നഗരത്തിൽ താമസിക്കുന്ന കൗമാരക്കാരിൽ വിളർച്ച കുറവാണ്. പോഷകഹാരത്തെ കുറിച്ച് ഇവർക്കുള്ള അറിവും മെച്ചപ്പെട്ട തൊഴിലവസരങ്ങളും വരുമാനവും വഴി ആരോഗ്യ സംരക്ഷണത്തിനും പോഷകസമൃദ്ധമായ ഭക്ഷണത്തിനും ഇവർ നൽകുന്ന പ്രാധാന്യമാണ് വിളർച്ച കുറയാൻ കാരണം. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കൗമാരക്കാരിൽ വിളർച്ച കൂടാനുള്ള സാധ്യത കൂടുതലാണ്.