റോം: മലിനമായ വായുവുമായി ഏറെ നേരം സമ്പർക്കത്തിൽ വരുന്നത് പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. ആർഎംടി ഓപ്പണിൽ മാർച്ച് 15ന് പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഇറ്റലിയിലെ വെറോണ സർവകലാശാലയിൽ നിന്നുള്ള ജിയോവാനി അദാമിയും സഹപ്രവർത്തകരും ചേർന്ന് നടത്തിയ പഠനത്തിലാണ് കണികാദ്രവ്യം 10ഉം സാന്ദ്രത 2.5ഉം വരുന്ന മലിനപ്പെട്ട വായുവുമായുള്ള ദീർഘകാല സമ്പർക്കവും രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട അപകടസാധ്യതയും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞത്. 81,363 വ്യക്തികളിലാണ് പഠനം നടത്തിയത്.
കണികാദ്രവ്യം 10 ഉള്ള വായുവുമായി ഏറെ നേരം സമ്പർക്കത്തിൽ വന്നാൽ രോഗപ്രതിരോധ രോഗങ്ങളുടെ അപകട സാധ്യത 7 ശതമാനം വർധിക്കുന്നുവെന്ന് പഠനം സൂചിപ്പിക്കുന്നു. മലിനമായ വായുവുമായുള്ള സമ്പർക്കം റുമാറ്റോയ്‌ഡ് ആർത്രൈറ്റിസിനുള്ള സാധ്യത വർധിപ്പിക്കുന്നു. കണികാദ്രവ്യം 2.5 ഉള്ള വായുവുമായുള്ള സമ്പർക്കം റൂമറ്റോയ്‌ഡ് ആർത്രൈറ്റിസ്, ബന്ധിത ടിഷ്യു രോഗങ്ങൾ (സിടിഡി), കോശജ്വലന മലവിസർജന രോഗങ്ങൾ (ഐബിഡികൾ) എന്നിവയ്ക്കുള്ള അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പഠനം പറയുന്നു.
ട്രാഫിക്കും വ്യാവസായിക സ്ഥാപനങ്ങൾ കാരണമുണ്ടാകുന്ന വായു മലിനീകരണവുമായുള്ള സമ്പർക്കം റുമറ്റോയ്‌ഡ് ആർത്രൈറ്റിസിന്‍റെ അപകട സാധ്യത ഏകദേശം 40 ശതമാനം വർധിപ്പിക്കുന്നു. കോശജ്വലന മലവിസർജന രോഗങ്ങളുടെ അപകടസാധ്യത 20 ശതമാനവും ബന്ധിത ടിഷ്യു രോഗങ്ങളുടെ അപകട സാധ്യത 15 ശതമാനവും വർധിപ്പിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
Also Read: ദീർഘകാല കൊവിഡ് രോഗികള്‍ക്ക് ഓർമയും ഏകാഗ്രതയും നഷ്‌ടമാകുമെന്ന് പഠനം