ന്യൂഡല്‍ഹി: ഭാവിയില്‍ സിക വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി സജീവ നിരീക്ഷണം വേണമെന്ന് പഠനം. ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേരളത്തിലെ സിക വൈറസ് ബാധയെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടത് പൂനെ എൻഐവിയാണ്.
കഴിഞ്ഞ വർഷം കേരളത്തിൽ ഉണ്ടായ സിക്ക വൈറസ് കേസുകൾക്ക് യാത്ര ചരിത്രമില്ലെന്നും സമൂഹ വ്യാപനവുമായി ബന്ധപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും സിക്ക വൈറസിന്‍റെ നിരീക്ഷണത്തിന്‍റെ ആവശ്യകതയും പഠനം നിർദേശിക്കുന്നു.
കേരളത്തിലെ സിക്ക കേസുകള്‍
കൊവിഡ് രണ്ടാം തരംഗത്തിനിടെയാണ് സിക്ക വൈറസ് കേസുകൾ കേരളത്തിൽ റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ പ്രവര്‍ത്തനത്തെ ഇത് ബാധിച്ചിരുന്നുവെന്നും പഠനത്തില്‍ പറയുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സിറോ സർവേയിൽ ദേശീയ ശരാശരിയായ 21.9 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ഉയർന്ന സിറോ പ്രിവലൻസ് (11.6 ശതമാനം) പ്രകടമാണ്.
ഇത് കേരളം സ്വീകരിച്ച നിരീക്ഷണത്തിന്‍റെ ഫലപ്രാപ്‌തിയാണ് സൂചിപ്പിക്കുന്നത്. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ തയ്യാറെടുപ്പും സജീവമായ നിരീക്ഷണവും ആരോഗ്യ പ്രവർത്തകർക്കിടയിൽ സിക്ക കേസുകൾ സമയബന്ധിതമായി തിരിച്ചറിയാൻ സഹായിച്ചുവെന്നും പഠനം ചൂണ്ടികാട്ടുന്നു.
ബ്രസീലിൽ 2016ലുണ്ടായ സിക്ക വൈറസ് വ്യാപനം ഭീതി സൃഷ്‌ടിച്ചിരുന്നു. ആശങ്കാജനകമായ പൊതുജനാരോഗ്യ രോഗങ്ങളിൽ ഒന്നായാണ് സിക്ക വൈറസ് ബാധയെ കണക്കാക്കുന്നത്. 1947ൽ ഉഗാണ്ടയിലെ സിക്ക വനത്തിൽ കണ്ടെത്തിയ വൈറസ്, ആഫ്രിക്ക, തെക്ക് കിഴക്കൻ ഏഷ്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി സിക്ക വൈറസ് കേസ് റിപ്പോർട്ട് ചെയ്‌തത് ഗുജറാത്തിലാണ്.
Also read: കൊവിഡ് വന്നോ... എങ്കില്‍ ശ്രദ്ധിക്കണം ഹൃദയത്തെ