വയനാട്: വയനാട് വന്യജീവി സങ്കേതത്തിൽ കാട്ടാന ചെരിഞ്ഞത് വനംവകുപ്പ് സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെയാണ് 13 വയസു ള്ള കൊമ്പനെ മുത്തങ്ങ റേഞ്ചിലെ തോട്ടാമൂലയിൽ ചെരിഞ്ഞ നിലയിൽ കണ്ടത്തിയത്. ആനയുടെ കഴുത്തിൽ വൈദ്യുതി കമ്പി കുരുങ്ങിയ നിലയിലായിരുന്നു.
കാട്ടാന ചെരിഞ്ഞ സംഭവം; ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം
വയനാട് വന്യജീവി സങ്കേതത്തിൽ മുത്തങ്ങ റേഞ്ചിലെ തോട്ടാമൂല പൂതമൂലയിലാണ് ഇന്നലെ കാട്ടുകൊമ്പനെ ചെരിഞ്ഞ നിലയിൽ കണ്ടത്
വനാതിർത്തി പ്രദേശമായ ഇവിടെ മൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ വനം വകുപ്പ് വൈദ്യുതി വേലിയും കിടങ്ങും സ്ഥാപിച്ചിരുന്നു. ഈ വൈദ്യുതി വേലി ആന കൊമ്പ് കൊണ്ട് തകർത്ത് കാടിന് പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടയിൽ ആയിരിക്കാം അപകടമുണ്ടായതെന്നാണ് കരുതുന്നത്. കൊമ്പിലും കഴുത്തിലും കുരുങ്ങിയ വൈദ്യുതി കമ്പിയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കാതെ തുടർച്ചയായി ഷോക്കേറ്റതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ആനയുടെ പോസ്റ്റ്മോർട്ടം നടത്തിയത്.