വയനാട്: ജില്ലയില്‍ മഴയുടെ വിതരണത്തിനുള്ള അന്തരം ആശങ്ക ഉയർത്തുന്നു. ജൂണില്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ ശരാശരിയില്‍ അധികം മഴ പെയ്തപ്പോൾ ചിലയിടങ്ങളില്‍ ശരാശരിയിലും താഴെയാണ് മഴ കിട്ടിയത്. പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിൽ ഡക്കാൻ പീഠഭൂമിയുടേതിന് സമാനമായ വരണ്ട കാലാവസ്ഥ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്.
വയനാട്ടിലെ മഴയുടെ അളവില്‍ അന്തരം; ആശങ്ക ഉയരുന്നു - pullpalli mullankolli rain news
പുൽപ്പള്ളി, മുള്ളൻകൊല്ലി മേഖലകളിൽ ഡക്കാൻ പീഠഭൂമിയുടേതിന് സമാനമായ വരണ്ട കാലാവസ്ഥ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കുകയാണ്

മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തിലാണ് ജില്ലയിലെ മഴയുടെ വിതരണത്തിൽ വലിയ അന്തരം ഉള്ളതായി വ്യക്തമായത്. 55 ഇടങ്ങളിൽ പെയ്ത മഴയുടെ അളവ് അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിൽ വയനാട്ടിലെ ഏതാണ്ട് എല്ലാ മേഖലകളും ഉൾപ്പെടും. ജൂൺ ഒന്നു മുതൽ 15 വരെയുള്ള മഴയുടെ കണക്കുകൾ അടിസ്ഥാനമാക്കിയായിരുന്നു പഠനം. 196.45 മില്ലി മീറ്റർ ആണ് ഈ കാലയളവിൽ ജില്ലയിൽ കിട്ടിയ ശരാശരി മഴ. 251 മില്ലി മീറ്റർ മഴയാണ് ലഭിക്കേണ്ടിയിരുന്നത്. തൊണ്ടർനാട്, തവിഞ്ഞാൽ, പടിഞ്ഞാറത്തറ, പൊഴുതന വൈത്തിരി, മേപ്പാടി എന്നിവിടങ്ങളിലാണ് ശരാശരിയിൽ അധികം മഴ കിട്ടിയത്. പുൽപ്പള്ളി മുള്ളൻകൊല്ലി മേഖലകളിൽ ശരാശരിയിലും താഴെയാണ് മഴ കിട്ടിയത്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലാണ് കനത്ത മഴ പെയ്തത്. ജൂലയ്, ഓഗസ്റ്റ് മാസങ്ങളിലും മഴയുടെ വിതരണത്തിൽ അന്തരം സംഭവിക്കുകയാണെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകും എന്നാണ് വിദഗ്‌ധരുടെ അഭിപ്രായം.