വയനാട്: വയനാട്ടിലെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ മൂന്ന് മുന്നണികളും പ്രതീക്ഷയിലാണ്. സിറ്റിങ് എംഎൽഎ ഐ.സി. ബാലകൃഷ്‌ണനിലൂടെ തന്നെ മൂന്നാം തവണയും മണ്ഡലം പിടിച്ചെടുക്കാനാകുമെന്ന വിശ്വാസമാണ് യുഡിഎഫിന്. നഗരസഭയിലുണ്ടായ അട്ടിമറി വിജയം നിയമസഭ തെരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് ഇടത് പാളയം. സി.കെ. ജാനുവിലൂടെ ശക്തി തെളിയിക്കാനാകുമെന്ന് എൻഡിഎയും വിശ്വസിക്കുന്നു.
ബത്തേരിയിൽ ആരുയർത്തും വിജയക്കൊടി... പ്രതീക്ഷയിൽ മൂന്ന് മുന്നണികളും - വയനാട് തെരഞ്ഞെടുപ്പ് വാർത്ത
1977 മുതൽ ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമേ സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനെ വിട്ട് എൽഡിഎഫിനെ പിന്തുണച്ചിട്ടുളളൂ

1977 മുതൽ ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമേ സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫിനെ വിട്ട് എൽഡിഎഫിനെ പിന്തുണച്ചിട്ടുളളൂ. കഴിഞ്ഞ രണ്ട് തവണയും വിജയിച്ച ഐ.സി. ബാലകൃഷ്‌ണൻ തന്നെയാണ് സുൽത്താൻ ബത്തേരി മണ്ഡലത്തിൽ ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി. കഴിഞ്ഞ 10 വർഷം കൊണ്ട് മണ്ഡലത്തിൽ ചെയ്‌ത പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് അദ്ദേഹം വോട്ട് തേടുന്നത്.
കോൺഗ്രസ് വിട്ട് സിപിഎമ്മിൽ എത്തിയ എം.എസ്. വിശ്വനാഥനാണ് എൽഡിഎഫിനായി ഇക്കുറി ജനവിധി തേടുന്നത്. കെപിസിസി സെക്രട്ടറിയും സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലറുമായിരുന്നു വിശ്വനാഥ്. മണ്ഡലത്തിൽ കുറുമ ആദിവാസി വിഭാഗത്തിനുള്ള സ്വാധീനം ആ സമുദായത്തിൽ ഉൾപ്പെടുന്ന എം.എസ്. വിശ്വനാഥന് വോട്ടായി മാറ്റാനാകുമെന്ന കണക്കുകൂട്ടലിലാണ് എൽഡിഎഫ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം കുറച്ചുകാലം എൽഡിഎഫിനൊപ്പം ആയിരുന്നെങ്കിലും ഇത്തവണയും ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥി സി.കെ. ജാനു തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 27,920 വോട്ടുകളാണ് ജാനു നേടിയത്.