വയനാട് : മൈസൂരു-മാനന്തവാടി സംസ്ഥാനാന്തര പാതയുടെ ഭാഗമായ ബാവലി-എച്ച്.ഡി കോട്ടെ വനപാത ഗതാഗതത്തിന് യോഗ്യമല്ലാത്ത വിധം തകര്‍ന്നടിഞ്ഞു. റോഡ് തകര്‍ച്ച സംസ്ഥാനത്ത് നിന്നുള്ള ചരക്ക് നീക്കത്തെയും വിനോദ സഞ്ചാരത്തെയും ദുഷ്‌കരമാക്കുകയാണ്. സംസ്ഥാന അതിര്‍ത്തിയായ ബാവലി മുതല്‍ നഗര്‍ഹോള കടുവ സങ്കേതത്തിലൂടെയാണ് പാത കടന്നുപോകുന്നത്.
ബാവലി മുതല്‍ കാക്കനംകോട്ട വനപ്രദേശം വരെയുള്ള പാത ഇടിയുകയും വന്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയുമാണ്. ഡി.ബി.കുപ്പ, ആനമാളം, മച്ചൂര്‍ എന്നിവിടങ്ങളില്‍ 20 കിലോമീറ്റര്‍ ദൂരത്തോളം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. കൂടാതെ കുട്ടം റോഡും തകര്‍ന്നിട്ടുണ്ട്. റോഡ് തകര്‍ച്ച വാഹന ഗതാഗതത്തെയും ഒപ്പം കര്‍ണാടകയെ ആശ്രയിക്കുന്ന കര്‍ഷകരെയും പ്രതികൂലമായി ബാധിച്ചു.
മാത്രമല്ല റോഡിലെ കുഴികളില്‍ വീണുള്ള അപകടങ്ങളും മേഖലയിലെ നിത്യ സംഭവമായിരിക്കുകയാണ്. വെള്ള ചെക്‌പോസ്റ്റ് മുതല്‍ ബാവലി വരെയുള്ള വനപാത സിംഗിള്‍ റോഡാണ്. രണ്ട് വാഹനങ്ങള്‍ക്ക് ഒന്നിച്ച് കടന്നുപോകാന്‍ കഷ്ടിച്ച് സ്ഥലം മാത്രമേ ഇവിടെയുള്ളൂ. മാത്രമല്ല റോഡിന് ഇരുവശവും കുഴിയായതിനാല്‍ വലിയ വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ കഴിയാതെ വരുന്നു.
എതിരെ വരുന്ന വാഹനങ്ങളുടെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. വയനാട് നിന്ന് കര്‍ണാടകത്തിലേക്കെത്താനുള്ള എളുപ്പ വഴിയായതുകൊണ്ട് കര്‍ഷകരും വിദ്യാര്‍ഥികളും തൊഴിലാളികളുമെല്ലാം കൂടുതലും ആശ്രയിക്കുന്നത് ഈ പാതയാണ്. അതുകൊണ്ട് തന്നെ വേഗത്തില്‍ റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാണ് നാട്ടുകാരുടെയും കര്‍ഷകരുടെയും ആവശ്യം. മാത്രമല്ല പൊതു മരാമത്ത് മന്ത്രി ഇടപെട്ട് റോഡിന്‍റെ ശോചനീയാവസ്ഥ ഉടനടി കര്‍ണാടക സര്‍ക്കാറിന്‍റെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.