കണ്ണൂര്‍/വയനാട്:വേനലവധിയുടെ ബഹളങ്ങളൊഴിയുമ്പോൾ ഒരു യാത്ര പോകണം, നൂല്‍ മഴ നനയണം, കോട നിറയുന്നത് കൺ നിറയെ കാണണം... അങ്ങനെയൊന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചുരം കയറാം വയനാട്ടിലേക്ക്... മഴക്കാലമെന്നാല്‍ വയനാടിന്‍റെ ഓഫ് സീസണെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ ഇപ്പോൾ അങ്ങനെയല്ല...മാനം മുട്ടി നില്‍ക്കുന്ന മലനിരകളെ തൊട്ടുരുമി നില്‍ക്കുന്ന കോടമഞ്ഞും മഴയും... മനസിനും ശരീരത്തിനും കുളിരു പകരാൻ, വെള്ളച്ചാട്ടങ്ങളും പുഴക്കാഴ്‌ചകളും ആസ്വദിക്കാൻ, മലഞ്ചേരിവുകളിലെ മഴ കണ്ടറിയാൻ... പ്രകൃതിയുടെ സൗന്ദര്യത്തിലലിയാൻ, കാർഷിക ഭൂമിയുടെ മഴയനുഭവത്തിലേക്ക് സ്വാഗതം.
ഹരിത സ്വര്‍ഗ്ഗത്തിലേക്ക് സ്വാഗതം: ഒരു കാലത്ത് സഞ്ചാരികള്‍ മഴക്കാലത്ത് വയനാടിനെ കയ്യൊഴിയുമ്പോള്‍ ഇന്ന് മഴക്കാലം ആസ്വദിക്കാന്‍ എത്തുന്നവര്‍ നിരവധിയാണ്. ഇക്കോ ടൂറിസത്തിന്‍റെ വലിയ സാധ്യതകളാണ് വയനാടിനുള്ളത്. ബാഹ്യ ഇടപെടലുകള്‍കൊണ്ട് കോട്ടം തട്ടാത്തതും നൈസര്‍ഗ്ഗികമായി പ്രകൃതിയേയും പരിസ്ഥിതിയേയും കണ്ടു പഠിക്കാനും ആസ്വദിക്കാനുമുള്ള മേഖലയാണ് വയനാട്.
മാസ് ടൂറിസം: മാസ് ടൂറിസമാണ് വയനാട്ടില്‍ ഇപ്പോള്‍ കണ്ടു വരുന്നത്. അതായത് സംഘങ്ങളായി ധാരാളം സഞ്ചാരികൾ എത്തുന്നു. അവര്‍ക്ക് യാത്രകള്‍ക്കും താമസ സൗകര്യത്തിനും വിനോദത്തിനും വേണ്ടി വിപുലമായ സജ്ജീകരണങ്ങള്‍ ഒരുങ്ങി വരികയാണ്. ആഴ്ചയിലെ അവസാന ദിനങ്ങളായ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ റിസോര്‍ട്ടുകളും ഹോട്ടലുകളും സഞ്ചാരികളെ കൊണ്ട് നിറയും.
വയനാട്ടില്‍ ഇപ്പോൾ നിശ്‌ചിത ടൂറിസം സീസൺ എന്നൊന്നില്ല. ഏത് കാലാവസ്ഥയിലും വയനാടിനെ കണ്ടും അനുഭവിച്ചും അറിയുക എന്നതാണ് പുതിയ ട്രെൻഡ്. അതുകൊണ്ട് തന്നെ അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുന്നത്. വിദേശ സഞ്ചാരികളേക്കാൾ കൂടുതല്‍ ആഭ്യന്തര സഞ്ചാരികൾ വയനാടൻ കാഴ്‌ചകൾ തേടി ചുരം കയറുന്നതായാണ് കണക്കുകൾ. പകല്‍ സമയം വാഹനങ്ങളില്‍ സഞ്ചരിച്ച് വയനാടിനെ കണ്ടറിയാനെത്തുന്നവരും ഏറെയാണ്. ടൂറിസം വകുപ്പ് അതിനായി വിവിധ പദ്ധതികൾ നടപ്പാക്കുന്നുമുണ്ട്.
സഞ്ചാരികളുടെ ഇഷ്‌ട കേന്ദ്രങ്ങൾ: മഞ്ഞണിഞ്ഞ് ഹരിതാഭ തീര്‍ക്കുന്ന ചെമ്പ്രപീക്ക് സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ്. അതിനൊപ്പം ട്രക്കിങിന് പേരുകേട്ട ബ്രഹ്മഗിരി, ചിറപുല്ല്, കാറ്റുകുന്ന് എന്നി സ്ഥലങ്ങളുമുണ്ട്. തോല്‍പ്പെട്ടി വന്യ ജീവി സങ്കേതത്തിലെത്തിയാല്‍ ആനകളും കാട്ടുപോത്തും മാനും സ്വൈര്യ വിഹാരം നടത്തുന്നത് കാണാം. മഴക്കാലത്തെ ഏറ്റവും സുന്ദര വയനാടൻ കാഴ്‌ചയാണ് കുറുവ ദ്വീപ്. കബനി നദിയില്‍ 150 ഓളം ചെറു ദ്വീപുകളുടെ കൂട്ടമാണ് കുറുവ ദ്വീപ്. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത അതി മനോഹര കാഴ്‌ചയാണ് മഴക്കാലത്ത് കുറുവ ദ്വീപ്.