വയനാട്: ജില്ലയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്‌ടര്‍ ഡോ. അദീല അബ്‌ദുള്ള. പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ മുതല്‍ അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. ഓരോ ബ്ലോക്കിനും ഓരോ നഗരസഭക്കും ഓരോ വിതരണ കേന്ദ്രമാണ് ഒരുക്കിയിരിക്കുന്നത്. വോട്ടെടുപ്പിന് കഴിഞ്ഞാല്‍ ഇതേ കേന്ദ്രങ്ങളിലാണ് വോട്ടിങ് യന്ത്രങ്ങള്‍ സ്വീകരിക്കുക.ജില്ലയില്‍ 23 ഗ്രാമപഞ്ചായത്തുകളുടെ 413 വാര്‍ഡുകളിലേക്കും മൂന്ന് നഗരസഭകളുടെ 99 ഡിവിഷനുകളിലേക്കും നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ 54 ഡിവിഷനുകളിലേക്കും വയനാട് ജില്ലാ പഞ്ചായത്തിന്‍റെ 16 ഡിവിഷനുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 1857 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
ഗ്രാമപഞ്ചായത്തിലേക്ക് 1308 പേരും നഗരസഭയിലേക്ക് 323 പേരും ബ്ലോക്ക് പഞ്ചായത്തിലേക്ക് 171 പേരും ജില്ലാ പഞ്ചായത്തിലേക്ക് 55 പേരും ജനവിധി തേടുന്നു. 737 പേരാണ് ജനറല്‍ വാര്‍ഡുകളില്‍ മത്സര രംഗത്തുള്ളത്. സംവരണ വിഭാഗത്തില്‍ 1120 പേരും മത്സരിക്കുന്നു. വനിതാ സംവരണ വിഭാഗത്തില്‍ 745 സ്ഥാനാര്‍ഥികളും പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളില്‍ 138 പേരും പട്ടികജാതി സംവരണ വാര്‍ഡുകളില്‍ 59 പേരും പട്ടികജാതി വനിതാ സംവരണ മണ്ഡലങ്ങളില്‍ 8 പേരും പട്ടികവര്‍ഗ വനിതാ സംവരണ വിഭാഗത്തില്‍ 170 പേരും മത്സരിക്കുന്നുണ്ട്.
ആകെ 6,25,455 വോട്ടര്‍മാരാണ് ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടര്‍മാരില്‍ 3,05,915 പുരുഷന്മാരും 3,19,534 സ്‌ത്രീകളും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ 6 പേരുമുണ്ട്. പ്രവാസി വോട്ടര്‍മാര്‍ ആറ് പേരാണുള്ളത്. ഗ്രാമപഞ്ചായത്ത് വോട്ടര്‍മാര്‍ ആകെ 5,30,894 പേരാണ്. തെരഞ്ഞെടുപ്പിനായി 848 പോളിങ് സ്‌റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. 99 നഗരസഭാ ഡിവിഷനുകള്‍ക്ക് 99 പോളിങ് സ്‌റ്റേഷനുകളും 413 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ക്ക് 749 പോളിങ് സ്‌റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്.