ബത്തേരി: വയനാട് കല്ലൂരിൽ അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസ് ഇടിച്ച് പരിക്കേറ്റ കാട്ടാനയെ ഇന്ന് മയക്കു വെടിവെച്ചേക്കും. ആനയെ നിരീക്ഷിച്ച് നിലവിലെ ആരോഗ്യസ്ഥിതി പരിഗണിച്ച ശേഷമായിരിക്കും മയക്കുവെടി വയ്ക്കുക. രണ്ടുദിവസമായി ആന തീറ്റയും വെള്ളവും എടുത്തിരുന്നില്ല. ഇടിയുടെ ആഘാതത്തിൽ ആനക്ക് കാലിനും തോളിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആന വനംവകുപ്പ് നിരീക്ഷണത്തിൽ: അവശനായ ആന വെറ്റിനറി സർജൻ ഡോ അജേഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘത്തിൻ്റെയും വനം വകുപ്പിന്‍റെയും നിരീക്ഷണത്തിലാണ് കഴിയുന്നത്. വലത് കാലിനും, തോളിനും ഗുരുതരമായി പരിക്കേറ്റ കാട്ടാന രണ്ടു ദിവസമായി തീറ്റയും വെള്ളവും എടുക്കുന്നില്ലെന്നാണ് വനം വകുപ്പിന്‍റെ നിരീക്ഷണം.
30നും 40 നും ഇടയിലാണ് ആനയുടെ പ്രായം. ഇന്‍റേണൽ ബ്ലീഡിങ് ഉള്ളതിനാൽ ഉടൻ മയക്കുവെടി വെക്കാനുള്ള അനുമതിയ്‌ക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് അപേക്ഷ നൽകിയിട്ടുണ്ട്. രണ്ട് കുങ്കിയാനകളടക്കം ആർആർ ടീമും സജ്ജമാണ്. പരിക്കേറ്റ ആന കലൂർ മേഖലയിലെ സ്ഥിരം സാനിധ്യമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.