വയനാട്: ചോർന്നൊലിക്കുന്നതും നിന്നുതിരിയാൻ ഇടമില്ലാത്തതുമായ താൽക്കാലിക കൂരയിൽ കഷ്ടപ്പെടുകയാണ് വയനാട്ടിൽ മൂപ്പൈനാട് പഞ്ചായത്തിലെ രോഗിയായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു 65 വയസുകാരി. സർക്കാർ പദ്ധതിയിൽ നാലുവർഷം മുമ്പ് ഇവർ വീടുപണി തുടങ്ങിയെങ്കിലും തുക മുഴുവൻ കിട്ടാത്തതുകൊണ്ട് പണി പാതിവഴിയിൽ മുടങ്ങുകയായിരുന്നു.
അധികൃതര്‍ കനിയണം; വീടെന്ന സ്വപ്‌നവുമായി മീനാക്ഷി - house meenakshi
സർക്കാർ പദ്ധതിയിൽ നാലുവർഷം മുമ്പ് ഇവർ വീടുപണി തുടങ്ങിയെങ്കിലും തുക മുഴുവൻ കിട്ടാത്തതുകൊണ്ട് പണി പാതിവഴിയിൽ മുടങ്ങുകയായിരുന്നു
താഴെ അരപ്പറ്റ എട്ടാം നമ്പർ കുറ്റിക്കാട്ട്പറമ്പിൽ മീനാക്ഷി നാലു വർഷമായി കഴിയുന്നത് ഈ കൂരയിലാണ്. ഭർത്താവ് നേരത്തെ മരിച്ചു. മറ്റു വരുമാനമാർഗം ഒന്നുമില്ല. വിവാഹിതരായ രണ്ടു പെൺമക്കളുണ്ട്. ഒരു മകൾ വിവാഹമോചിതയാണ്. മകളും എട്ട് വയസുകാരൻ മകനും മീനാക്ഷി അമ്മയ്‌ക്കൊപ്പമാണ് താമസം. ഐഎവൈ പദ്ധതിയനുസരിച്ച് 2016-17 ലാണ് ഇവർ വീടുപണി തുടങ്ങിയത്. മൂന്ന് ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് പാസായി. ഇതിൽ 2,40,000 രൂപയാണ് കിട്ടിയത്. വീടുപണിക്കിടെ രണ്ട് തവണ ഹൃദയാഘാതം വന്നു. തുടര്‍ന്ന് വീടുപണി മുടങ്ങി. സംസ്ഥാന സർക്കാർ തുടങ്ങിയ ലൈഫ് ഭവനപദ്ധതി അനുസരിച്ചുള്ള സഹായം പഞ്ചായത്തിൽ നിന്ന് പിന്നീട് കിട്ടിയതുമില്ല. നാലുമാസം മുൻപ് മീനാക്ഷിയമ്മയ്ക്ക് ഒരു ശസ്ത്രക്രിയയും വേണ്ടിവന്നു. മീനാക്ഷിയുടെ മകൾ കൂലിപ്പണി ചെയ്‌താണ് കുടുംബം പോറ്റുന്നത്. വീടിന്‍റെ മേൽക്കൂരയുടെയെങ്കിലും പണി പൂർത്തിയാക്കാൻ രണ്ട് ലക്ഷം രൂപ വേണം. വീട്ടുചെലവിനുള്ള തുകയ്ക്ക് പോലും ബുദ്ധിമുട്ടുന്ന ഇവർക്ക് ഈ തുക കണ്ടെത്താനാകില്ല. അധികൃതർ കനിയുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.