വയനാട്ടിലെ ഇക്കോടൂറിസം പദ്ധതി നിര്‍ത്തി വയ്ക്കണം - ഹൈക്കോടതി സംസ്ഥാനത്ത് ഇക്കോടൂറിസം പദ്ധതിയുടെ പേരില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. വയനാട് സൗത്ത് ഡിവിഷനിലെ ഇക്കോടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു. വയനാട് പ്രകൃതി സംരക്ഷണ സമിതി നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് വിധി. സര്‍ക്കാരിന്‍റെ പിന്തുണയോടെ ഇക്കോടൂറിസം മേഖലയില്‍ നടക്കുന്ന നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തിരിച്ചടിയാണ് വിധിയെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കോടൂറിസത്തിന്‍റെ പേരില്‍ ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിക്ക് ദോഷം ചെയ്യുന്നതാണ്. ഈ പശ്ചാതലത്തില്‍ സംസ്ഥാനത്ത് നടന്നുക്കൊണ്ടിരിക്കുന്ന മറ്റ് ഇക്കോ ടൂറിസം പദ്ധതികളുടെ സാധുതയും കോടതിയില്‍ ചോദ്യം ചെയ്യപ്പെടും. ഇതോടെ ഇക്കോ ടൂറിസം പദ്ധതികള്‍ നിര്‍ത്തി വെക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതിയോടെ കര്‍ശന വ്യവസ്ഥകള്‍ പാലിച്ചു മാത്രമെ ഇക്കോ ടൂറിസം പദ്ധതികള്‍ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കാനാവൂ.