കേരളം

kerala

ETV Bharat / state

ബിജെപിയെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു : വിഡി സതീശന്‍ - Kerala Political News

ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് സ്‌റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയത് ബിജെപിയെ തൃപ്തിപ്പെടുത്താനെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

VD Satheesan  Opposition Leader VD Satheesan  VD Satheesan Reply on Filed case on Congress party workers  Congress party  VD Satheesan says the case filed on Gandhi photo collapsed is to satisfy BJP  Gandhi photo collapsed  BJP  ബിജെപി  രാഹുല്‍ ഗാന്ധി  വിഡി സതീശന്‍  പ്രതിപക്ഷ നേതാവ്  ഗാന്ധി ചിത്രം തകര്‍ത്ത  ബിജെപിയെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു  സ്‌റ്റാഫ് അംഗങ്ങള്‍  മുഖ്യമന്ത്രി  latest News Kerala  Kerala Political News  Wayanad News
ബിജെപിയെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു: വിഡി സതീശന്‍

By

Published : Aug 20, 2022, 9:03 PM IST

കൽപ്പറ്റ :ബിജെപിയെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍. എകെജി സെന്റര്‍ ആക്രമണ കേസിലും പാലക്കാട്ടെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിലും പ്രതിസ്ഥാനത്ത് വന്ന സിപിഎമ്മിന്റെ മുഖം രക്ഷിക്കാനാണ് ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് സ്‌റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പടെയുള്ളവരെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണസംഘത്തെ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാരാണെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൈയ്യും കാലും കെട്ടിയാണ് മനോജ് എബ്രഹാമിനെ അന്വേഷിക്കാന്‍ വിട്ടത്. മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചാല്‍ അങ്ങനെയല്ലെന്ന് തീരുമാനിക്കാന്‍ എഡിജിപിക്കോ പൊലീസിനോ കഴിയുമോ?. മുഖ്യമന്ത്രി എന്നുമുതലാണ് അന്വേഷണ ഉദ്യോഗസ്ഥനായത്?. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് വേണ്ടിയാണ് കള്ളക്കേസ് ഉണ്ടാക്കിയിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വന്തം പാര്‍ട്ടി ഓഫിസിന് പടക്കം എറിയുകയും സ്വന്തം പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും ചെയ്ത സിപിഎമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെന്നും ഇത് ജനാധിപത്യ കേരളമാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയെ തൃപ്തിപ്പെടുത്താന്‍ കള്ളക്കേസെടുത്ത് രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കുന്നു: വിഡി സതീശന്‍

തങ്ങളെ പോലെയാണ് കോണ്‍ഗ്രസുകാരുമെന്ന് വരുത്തി തീര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്നും തുരത്തണമെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആഹ്വാനം ഏറ്റെടുത്താണ് സിപിഎം രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. രാഹുല്‍ ഗാന്ധിയുടെ കസേരയില്‍ കയറിയിരുന്ന ആളെയോ സ്‌റ്റാഫംഗം അഗസ്‌റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചയാളെയോ ഇതുവരെ അറസ്‌റ്റ് ചെയ്തില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുടെ പ്രോത്സാഹനത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കുന്ന വീഡിയോ കെ.സി വേണുഗോപാല്‍ എം.പി പുറത്തുവിട്ടിരുന്നു. എന്നിട്ടും അക്രമങ്ങള്‍ക്ക് കുടപിടിച്ച ഏതെങ്കിലും പൊലീസുകാരനെതിരെ നടപടി എടുത്തോ ? അങ്ങനെയുള്ളവരാണ് കള്ളക്കേസുണ്ടാക്കി രാഹുല്‍ ഗാന്ധിയെ വീണ്ടും അപമാനിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം നിയമസഭയ്ക്കകത്തും പുറത്തും ഉണ്ടാകും. ഇപ്പോള്‍ പ്രതി ചേര്‍ത്തിരിക്കുന്നവര്‍ക്കെതിരെ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെ. സി.പി.എം ജില്ല സെക്രട്ടറി പറയുന്നത് കേട്ടാണോ പൊലീസ് പ്രവര്‍ത്തിക്കുന്നത്. സ്മൃതി ഇറാനിയുടെ ആഹ്വാനം പ്രകാരം രാഹുല്‍ ഗാന്ധിക്കെതിരെ ആദ്യം സംസാരിച്ചത് സിപിഎം ജില്ല സെക്രട്ടറിയാണ്. രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച ഗൂഢാലോചനയ്ക്ക് അയാളെയാണ് ഒന്നാം പ്രതിയാക്കി ആദ്യം അറസ്‌റ്റ് ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്.എഫ്.ഐക്കാര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ കയറിയത് മുന്നില്‍ കൂടി മാത്രമല്ല. ഓരോ ഘട്ടമായാണ് അതിക്രമം നടത്തിയത്. ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കാതെ രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരെ കേസെടുത്തത് ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചത്. പ്രതികളെ ഇപ്പോഴും സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. നിരപരാധികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ അതിനെ നിയമപരമായി നേരിടും. പിണറായിക്കെതിരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. ഇപ്പോള്‍ കാപ്പ ചുമത്താന്‍ പോവുകയാണ്.

മോദി രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്നത് പോലുള്ള ഫാസിസ്‌റ്റ് രീതികളാണ് പിണറായിയും സ്വീകരിക്കുന്നത്. സിപിഎമ്മിലേതുപോലെ ക്രിമിനലുകള്‍ മറ്റൊരു പാര്‍ട്ടിയിലും ഇല്ല. കാപ്പ ചുമത്തി അറസ്‌റ്റ് ചെയ്താല്‍ കൊടി പിടിച്ച് നടക്കാന്‍ പോലും ആളുണ്ടാകില്ല. സ്വപ്‌ന സുരേഷിനെതിരായ കോടതി വിധി സര്‍ക്കാര്‍ നിലപാടിനുള്ള അംഗീകാരമല്ല. ജുഡീഷ്യല്‍ പരിശോധന നടത്തിയാണ് 164 മൊഴി രേഖപ്പെടുത്തുന്നത്. അതൊരു കലാപ ആഹ്വാനം നടത്താന്‍ വേണ്ടിയുള്ളതാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല. അങ്ങനെയെങ്കില്‍ എകെജി സെന്റര്‍ ആക്രമിച്ചെന്ന് പറഞ്ഞ് കേരളം മുഴുവന്‍ കോണ്‍ഗ്രസ് ഓഫിസുകള്‍ അടിച്ച് തകര്‍ക്കാനും പ്രവര്‍ത്തകരെ മര്‍ദ്ദിക്കാനും ആഹ്വാനം നല്‍കിയ ഇ.പി ജയരാജനെതിരെ കേസെടുത്തോ? മാധ്യമം ദിനപത്രം പൂട്ടണമെന്ന് ആവശ്യപ്പെട്ട് യു.എ.ഇ ഭരണാധികാരിക്ക് അബ്‌ദുള്‍ ജലീല്‍ എന്ന പേരില്‍ കത്തെഴുതിയത് കെ.ടി ജലീല്‍ ആണെന്ന സ്വപ്‌നയുടെ ആരോപണം ശരിയാണെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. പക്ഷെ ഇക്കാര്യം ചോദിക്കാന്‍ ജലീലിനെ മുഖ്യമന്ത്രിക്ക് ഇതുവരെ കാണാന്‍ പറ്റിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details