വയനാട്: മാനന്തവാടിയിൽ വന സൗഹൃദ സദസിന്‍റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഇന്നലെയായിരുന്നു വന സൗഹൃദ സദസിന്‍റെ ഉദ്ഘാടനം. വന്യജീവികളുടെ സംരക്ഷണം മാത്രമല്ല വന സംരക്ഷണമെന്നും ആവാസ വ്യവസ്ഥകളുടെ നിലനിൽപ്പും അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വാസയോഗ്യമായി ഇവിടം നിലനിർത്തുക എന്നതാണ് ആവാസവ്യവസ്ഥ എന്നതുകൊണ്ട് അർഥമാക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വന വിസ്‌തൃതി നിലനിർത്താനും സംരക്ഷിക്കാനും സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു മാസത്തിനകം വനയോര ഗ്രാമങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള മാർഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മാനന്തവാടി സെന്‍റ് പാട്രിക്‌സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയിൽ വനം-വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, എംഎല്‍എമാരായ ഒ ആര്‍ കേളു, ഐ സി ബാലകൃഷ്‌ണന്‍, ടി സിദ്ദിഖ്, ജില്ല കലക്‌ടര്‍ ഡോ. രേണുരാജ് തുടങ്ങിയവർ പങ്കെടുത്തു. 51 നിയമസഭ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിശ്ചയിച്ച 20 കേന്ദ്രങ്ങളിലാണ് വന സൗഹൃദ സദസുകൾ നടക്കുക.
വനാതിര്‍ത്തികള്‍ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, എംഎല്‍എമാര്‍, വനം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ജനങ്ങളും വനം വകുപ്പും തമ്മില്‍ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാനും മേഖലയില്‍ സൗഹാര്‍ദ അന്തരീക്ഷം സൃഷ്‌ടിക്കാനുമാണ് വന സൗഹൃദ സദസ് കൊണ്ട് സർക്കാർ ലക്ഷ്യമാക്കുന്നത്.