കേരളം

kerala

ETV Bharat / state

മഞ്ഞിന്‍റെ കുളിര്‌ തേടി ചീങ്ങേരി സാഹസിക ടൂറിസത്തിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌ - kerala news

സാഹസികതയും ആകാംക്ഷയും ഇഴ ചേര്‍ന്ന് പ്രകൃതി ഓരോ കാലത്തും ഒരോ ചിത്രങ്ങള്‍ വരയ്ക്കുന്ന ദൃശ്യഭംഗിയാണ് ചീങ്ങേരിയെ മറ്റിടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത്

Tourists flock to Chingeri Adventure Tourism  ചീങ്ങേരി സാഹസിക ടൂറിസത്തിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌  വയനാട് വാർത്ത  ചീങ്ങേരി സാഹസിക ടൂറിസം വാർത്ത  wayanad news  kerala news  കേരള വാർത്ത
മഞ്ഞിന്‍റെ കുളിര്‌ തേടി ചീങ്ങേരി സാഹസിക ടൂറിസത്തിലേക്ക്‌ സഞ്ചാരികളുടെ ഒഴുക്ക്‌

By

Published : Jan 29, 2021, 7:53 PM IST

വയനാട്‌: വയനാടന്‍ മഞ്ഞിന്‍റെ കുളിരില്‍ ചീങ്ങേരി സാഹസിക ടൂറിസം സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു. പാറക്കെട്ടുകളെ കീഴടക്കി ആകാശ കാഴ്ചകള്‍ കാണാന്‍ രണ്ട് മാസം കൊണ്ട് നാലായിരത്തിലധികം സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തിയത്. 2.8 ലക്ഷം രൂപയാണ് ഇവിടെ നിന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് വരുമാനം. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ സഞ്ചാരികളുടെ മനം കവര്‍ന്ന സാഹസിക ടൂറിസം എന്ന നിലയിലും ചീങ്ങേരി ശ്രദ്ധയാകര്‍ഷിക്കുകയാണ്. അതിരാവിലെ മുതല്‍ ചീങ്ങേരിയിലേക്ക് സഞ്ചാരികളുടെ പ്രവാഹമുണ്ട്. ഇന്‍സ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ ചീങ്ങേരി മലയിലേക്കുള്ള സാഹസിക സഞ്ചാരത്തിന്‍റെ നിരവധി ചിത്രങ്ങള്‍ പ്രചരിച്ചതോടയാണ് ഈ കേന്ദ്രത്തിന് കൂടുതല്‍ സ്വീകാര്യത ലഭിച്ചത്. കൊവിഡ് കാലത്ത് മറ്റെല്ലാ വിനോദ കേന്ദ്രങ്ങള്‍ക്കും താഴ് വീണപ്പോഴും ചീങ്ങേരി ടൂറിസം സജീവമായിരുന്നു. മാനദണ്ഡങ്ങളെല്ലാം പാലിച്ച് സഞ്ചാരികള്‍ക്ക് ഇവിടെ എത്തി മടങ്ങാനുള്ള സൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു.

സാഹസികതയും ആകാംക്ഷയും ഇഴ ചേര്‍ന്ന ചീങ്ങേരി

സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ വയനാടിന്‍റെ ഭൂതലത്തിലേക്കാണ് ചീങ്ങേരി വാതില്‍ തുറക്കുന്നത്. 360 ഡിഗ്രിയില്‍ വയനാടിന്‍റെ പൂര്‍ണ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന മറ്റൊരിടമില്ല. കൊളഗപ്പാറയുടെയും കാരാപ്പുഴ റിസര്‍വോയറിന്‍റെയും മനോഹരമായ ദൂരകാഴ്ച, അമ്പലവയല്‍, ബത്തേരി, എടക്കല്‍, അമ്പുകുത്തിമല തുടങ്ങിയ സ്ഥലങ്ങളുടെ മനോഹാരിതയും മലമുകളില്‍ നിന്നും ആസ്വദിക്കാനാവും. അഭ്യന്തര വിനോദ സഞ്ചാരികള്‍ക്ക് പുറമെ വിദേശ സഞ്ചാരികളെയും കൂടുതലായി ആകര്‍ഷിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടേക്ക് വിരുന്നെത്തുന്ന വിദേശ ,ആഭ്യന്തര സഞ്ചാരികളുടെ വര്‍ധനവ് കണക്കിലെടുത്ത് വിനോദ കേന്ദ്രങ്ങളും പുതുമോടിയാവുന്നു .

സമുദ്രനിരപ്പില്‍ നിന്നും 2600 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു

പുതിയ സാഹസിക ട്രക്കിങ് കേന്ദ്രവും ചീങ്ങേരി റോക്ക് അഡ്വഞ്ചര്‍ ടൂറിസം കേന്ദ്രവും സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു . 360 ഡിഗ്രിയില്‍ വയനാട് ജില്ലയുടെ നയന മനോഹാരിത ആസ്വദിക്കാന്‍ സാധിക്കുമെന്നത് ഇവിടത്തെ പ്രത്യേകതയാണ്. സാഹസികതയും ആകാംക്ഷയും ഇഴ ചേര്‍ന്ന് പ്രകൃതി ഓരോ കാലത്തും ഒരോ ചിത്രങ്ങള്‍ വരയ്ക്കുന്ന ദൃശ്യഭംഗിയാണ് ചീങ്ങേരിയെ മറ്റിടങ്ങളില്‍ നിന്നും വേര്‍തിരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെല്ലാം ഒരു പോലെ ഈ ഗിരി പര്‍വ്വതത്തിലേക്ക് ട്രക്കിങ്ങ് നടത്താനും കഴിയുമെന്നാണ് ഇവിടെത്തെ പ്രത്യേകത. വന കേന്ദ്രീകൃത ടൂറിസം മുതല്‍ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വരെയും വയനാട്ടിലുണ്ടെങ്കിലും സാഹസിക വിനോദ കേന്ദ്രം എന്ന നിലയില്‍ ചീങ്ങേരിക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചീങ്ങേരിമലയിലെ ടൂറിസം സാധ്യതകളെ മുന്നില്‍ കണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ഇതിനെ തുടര്‍ന്ന് 2010 ലാണ് എട്ട് ഏക്കറോളം ഭൂമി ടൂറിസം നടത്തിപ്പിനായി റവന്യു വകുപ്പ് ഡി.ടി.പി.സിക്ക് കൈമാറിയത്. അതിന് ശേഷം ഇതുസംബന്ധിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്തു.

പ്രകൃതി സൗഹൃദ ടൂറിസം കേന്ദ്രം

2017 ല്‍ പ്രാംരംഭ ഘട്ടത്തിന് അനുമതി ലഭിച്ചു. 2020 ഒക്‌ടോബറിലാണ് ചീങ്ങേരി റോക്ക് ടൂറിസം ഉദ്ഘാടനം ചെയ്തത്. ടൂറിസം വകുപ്പ് 1.04 കോടി രൂപ വകയിരുത്തിയാണ് സാഹസിക വിനോദ സഞ്ചാരം ഒരുക്കിയത്. ടിക്കറ്റ് കൗണ്ടര്‍, ക്ലോക്ക്റൂം, സെക്യൂരിറ്റി ക്യാബിന്‍, ടോയ്‌ലറ്റ്, പാന്‍ട്രി ബ്ലോക്ക്, എന്‍ട്രി പവലിയന്‍, ഡൈനിങ് ഹാള്‍, മള്‍ട്ടി പര്‍പ്പസ് ബ്ലോക്ക് എന്നിവയാണ് അഡ്വഞ്ചര്‍ ടൂറിസം പദ്ധതിക്കായി നിര്‍മിച്ചിട്ടുള്ളത്. ബെയ്‌സ് ക്യാമ്പിലെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിച്ചതിന് ശേഷം ട്രക്കിങ്ങിന് പോകാം. രണ്ട് കിലോമീറ്ററോളം നടന്നാല്‍ മലമുകളില്‍ എത്താം. ഗ്രൂപ്പുകളായിട്ടാണ് സഞ്ചാരികളെ മലയിലേക്ക് കൊണ്ടുപോവുക. കൂടെ ഗൈഡും ഉണ്ടാകും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ മേല്‍നോട്ടത്തില്‍ സംസ്ഥാന നിര്‍മിതി കേന്ദ്രയാണ് മലയടിവാരത്തെ നിര്‍മാണ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തിയത്. ട്രക്കിങ്ങിന് രാവിലെ ആറ്‌ മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് പ്രവേശനം. മുതിര്‍ന്നവര്‍ക്ക്‌ 80 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. അല്ലാതെയുള്ള സഞ്ചാരികള്‍ക്ക് വൈകീട്ട് നാല്‌ വരെയാണ് പ്രവേശനം.

മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്.ചീങ്ങേരി മലയുടെ നെറുകയില്‍ രാത്രികാല കാഴ്ചകള്‍ കാണാനും താമസിക്കാനും ടെന്‍റ് ക്യാമ്പിന് അനുമതി നേടുകയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍. സര്‍ക്കാരില്‍ നിന്നും അനുമതി നേടുന്ന മുറയ്ക്ക് അടുത്തമാസം മുതല്‍ ഈ സൗകര്യം ഇവിടെ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. ഇതുകൂടിയാകുമ്പോള്‍ ചീങ്ങേരി ടൂറിസം, സഞ്ചാരികൾക്ക്‌ ഹൃദ്യമായ അനുഭവമാകും. പുതിയ ടൂറിസം കേന്ദ്രങ്ങളെ കണ്ടെത്താനും വികസിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് ഇവിടെ ലക്ഷ്യത്തിലെത്തുന്നത്. പാറക്കെട്ടുകളെയും പരിസരങ്ങളെയും അതുപോലെ തന്നെ സംരക്ഷിച്ചു കൊണ്ടുള്ള പ്രകൃതി സൗഹൃദ ടൂറിസം കൂടിയാണ് ഇവിടെ വിഭാവനം ചെയ്തത്. ഇത്തരത്തിലുള്ള മറ്റിടങ്ങളെയും വയനാട് ജില്ലയുടെ ടൂറിസം ഭൂപടത്തിലേക്ക് ഉള്‍പ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details