വയനാട് : ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി. മീനങ്ങാടി ആവയലിലെ കൃഷിയിടത്തിലാണ് കടുവയിറങ്ങിയത്. ആവയലിൽ കാക്കനാട്ട് ബാബുവിന്‍റെ കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി. മീനങ്ങാടി പഞ്ചായത്തിലെ മൈലമ്പാടി, പുല്ലു മല, വാകേരി പ്രദേശങ്ങളിൽ ഒരു മാസമായി കടുവ ഭീതി തുടരുകയാണ്.
വയനാട്ടിൽ ജനവാസ കേന്ദ്രത്തിൽ വീണ്ടും കടുവയിറങ്ങി, കൃഷിയിടത്തിൽ കാട്ടുപന്നിയെ കൊന്നിട്ടു
വയനാട്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി കാട്ടുപന്നിയെ ആക്രമിച്ചുകൊന്നു, മാസങ്ങളായി കടുവ ഭീതിയിലാണ് പ്രദേശവാസികള്‍
രണ്ട് ദിവസം മുമ്പ് ഈ പ്രദേശത്ത് തന്നെ കടുവ പശുക്കിടാവിനെ ആക്രമിച്ച് കൊന്നിരുന്നു. ഇന്നലെ (21.08.2022) രാത്രിയാണ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ആവയലിൽ കടുവ എത്തിയത്. കൃഷിയിടത്തോട് ചേർന്ന് താമസിക്കുന്ന വീട്ടുടമ സുധീഷ് രാത്രി 11 മണിയോടെ ശബ്‌ദം കേട്ട് പുറത്തിറങ്ങി നോക്കിയപ്പോൾ കടുവ പന്നിയെ ആക്രമിക്കുന്നതാണ് കണ്ടത്. ഇന്ന് (22.08.2022) രാവിലെ കൃഷിയിടത്തില്‍ കാട്ടുപന്നിയുടെ ജഡവും കണ്ടെത്തി. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി.
മാസങ്ങളായുള്ള കടുവ ഭീതിയിൽ പൊറുതിമുട്ടി ജനങ്ങൾ രോഷാകുലരാണ്. എന്നാൽ കടുവയെ ഉടനടി പിടികൂടാനുള്ള നടപടികൾ സ്വീകരിക്കാൻ വനം വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് ഉന്നത വനം ഉദ്യോഗസ്ഥരുടെ അനുമതിയുണ്ടങ്കിൽ മാത്രമേ കടുവയെ പിടികൂടാൻ കൂട് പോലും സ്ഥാപിക്കാൻ നിര്‍വാഹമുള്ളൂ. അതിനാല്‍ ജനങ്ങളുടെ ആശങ്കയും സുരക്ഷയും കണക്കിലെടുത്ത് പ്രാഥമികമായി പ്രദേശത്ത് കൂടുതൽ ക്യാമറകൾ സ്ഥാപിക്കാനാണ് വനം വകുപ്പിന്‍റെ തീരുമാനം.