വയനാട്: ജില്ലയിലെ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. വാകേരി ഗാന്ധി നഗറിലെ സ്വകാര്യ തോട്ടത്തിലാണ് കടുവ കിടക്കുന്നത്. കടുവയ്ക്ക് പരിക്ക് ഉണ്ടെന്നാണ് സംശയം.
വയനാട് ജനവാസ കേന്ദ്രത്തിൽ കടുവ; പരിക്കെന്ന് സംശയം, ആടുകളെ കൊന്നു - സുൽത്താൻ ബത്തേരിയിൽ കടുവ
വയനാട് വാകേരി ഗാന്ധി നഗറിലെ സ്വകാര്യ തോട്ടത്തിൽ കിടക്കുകയാണ് കടുവ. കടുവയ്‌ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് നിഗമനം. മെഡിക്കൽ സംഘം സ്ഥലത്തെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് പദ്ധതി.
വനംവകുപ്പും പൊലീസും സ്ഥലത്തെത്തി. മെഡിക്കൽ സംഘം എത്തിയ ശേഷം തുടർ നടപടിയെടുക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. മുമ്പൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യമാണ് വയനാട് വാകേരിയിൽ ഇപ്പോൾ ഉള്ളത്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് നാട്ടുകാരിലൊരാൾ കടുവയെ കണ്ടത്.
മതിൽ ചാടിക്കടക്കാൻ സാധിക്കാത്ത നിലയിലായിരുന്നു കടുവയെന്നാണ് ഇയാൾ പറയുന്നത്. അപ്പോൾ തന്നെ വനപാലകരെ വിവരമറിയിച്ചു. നൂറിലേറെ വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്. കടുവ ഏത് നിമിഷവും അക്രമാസക്തമാകാമെന്നതിനാൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇന്ന് പുലർച്ചയോടെ വയനാട് അമ്പലവയലിൽ കടുവ രണ്ട് ആടുകളെ കൊന്നിരുന്നു. നേരത്തെ കൃഷ്‌ണിഗിരിയിലും ചീരാലിലും ഇറങ്ങിയ കടുവയെ കൂട് വച്ച് പിടികൂടിയിരുന്നു.