വയനാട്: മാനന്തവാടി കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടി. മയക്കുവെടി വെച്ചാണ് വനംവകുപ്പ് നാല് വയസുള്ള ആൺകടുവയെ പിടികൂടിയത്. വലത് കൈക്ക് പരിക്കേറ്റ് അവശനിലയിലായിരുന്നു കടുവ.
കല്ലിയോട് ജനവാസ മേഖലയിലിറങ്ങിയ കടുവ വനംവകുപ്പിന്‍റെ പിടിയിൽ വനംവകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലാണ് മയക്കുവെടി വെച്ച് കടുവയെ പിടികൂടിയത്. കടുവയെ പരിശോധനകൾക്കായി ബത്തേരി പച്ചാടിയിലെ ആനിമൽ ഹോസ് സ്പെയ്‌സ് സെന്‍റർ ആന്‍റ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് കൊണ്ടുപോയി.
ബുധനാഴ്‌ച രാവില പ്രദേശത്ത് കടുവയെ കണ്ട നാട്ടുകാർ വനം വകുപ്പിനെ വിവരമറിയിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം സമീപത്തെ സ്വകാര്യ തോട്ടത്തിലെ ചതുപ്പിൽ സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഇന്ന് മയക്കുവെടി വെച്ച് പിടിക്കാൻ തീരുമാനിച്ചത്. ഇതോടെ ഒരു ദിവസം നീണ്ടു നിന്ന വന്യമൃഗ ഭീഷണി ഒഴിഞ്ഞതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ.
നോർത്ത് വയനാട്, സൗത്ത് വയനാട്, വൈൽഡ് ലൈഫ് ഡിഎഫ്ഒ മാരുടെ സാന്നിധ്യത്തിലാണ് കടുവയെ പിടികൂടിയത്.
Also Read: മീഡിയ വണ്‍ സംപ്രേഷണ വിലക്ക്; ഫയലുകള്‍ ഹാജരാക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി