വയനാട്:പുതുശേരിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധം താത്‌കാലികമായി അവസാനിപ്പിച്ച് കുടുംബവും പ്രദേശവാസികളും. സാലുവിൻ്റെ കുടുംബത്തിന് 10 ലക്ഷം നഷ്‌ടപരിഹാരം നൽകാനും കൂടാതെ 40 ലക്ഷം ദുരിതാശ്വാസ നിധിയിൽ നിന്നും നൽകാൻ ശുപാർശ ചെയ്യാനും സർവകക്ഷി യോഗത്തില്‍ തീരുമാനമായി. ഇന്ന് (ജനുവരി 13) വൈകിട്ട് മാനന്തവാടി താലൂക്ക് ഓഫിസ് ഹാളിലാണ് യോഗം നടന്നത്.
സാലുവിൻ്റെ ആശ്രിതന് താത്‌കാലികമായി ജോലി നൽകാനും തുടർന്ന് ഒഴിവുകളുടെ അടിസ്ഥാനത്തിൽ ജോലി സ്ഥിരപ്പെടുത്താനുള്ള നടപടികൾക്ക് സർക്കാരിലേക്ക് ശുപാർശ ചെയ്യാനും യോഗത്തിൽ ധാരണയായി. ഇതുകൂടാതെ സാലുവിൻ്റെ കാർഷിക കടങ്ങൾ ഉൾപ്പെടെയുള്ളവ എഴുതി തള്ളാനുള്ള നീക്കങ്ങളും നടത്തും. ഇതിൻ്റെ അടിസ്ഥാനത്തിൽ സാലുവിൻ്റെ മൃതദേഹം ഇന്ന് (ജനുവരി 13) വൈകിട്ട് എട്ടുമണിയ്‌ക്ക് വീട്ടിലെത്തിച്ചു. സംസ്‌കാരം നാളെ നടക്കും.