വയനാട്:വിദ്യാർഥിനി ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹ്‌ല ഷെറിൻ (10) ആണ് മരിച്ചത്. സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റെന്നാണ് സംശയം. പുത്തൻകുന്ന് നത്തൻ ഹൗസില്‍ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്‌നയുടേയും മകളാണ്.
സ്കൂളില്‍ നിന്ന് പാമ്പുകടിയേറ്റെന്ന് സംശയം; വിദ്യാര്‍ഥി മരിച്ചു - the snake bite death News
ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹ്‌ല ഷെറിൻ ആണ് മരിച്ചത്
ബുധനാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ ക്ലാസ് നടക്കുന്നതിനിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്തിരുന്നുവെന്ന് സ്കൂൾ അധികൃതർ പറയുന്നു. മുറിവിൽ നിന്നും രക്തം വാർന്നതോടെ സഹപാഠികൾ അധ്യാപകരെ വിവരമറിയിച്ചു. തുടർന്ന് നടത്തിയ പരിശോധനയില്‍ വിദ്യാർഥിനിയുടെ കാലില്‍ പാമ്പ് കടിയേറ്റതുപോലുള്ള പാടുകൾ കണ്ടു. ഉടനെ കുട്ടിയുടെ പിതാവിനെ വിവരം അറിയിച്ചു. പിതാവ് എത്തിയതിന് ശേഷം കുട്ടിയെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡോക്ടറുടെ നിർദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി കുട്ടിയുടെ ആരോഗ്യനില വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് വിദ്യാർഥി മരിച്ചത്. അമീജ, ആഷിൽ എന്നിവർ സഹോദരങ്ങളാണ്.