വയനാട്: സുൽത്താൽ ബത്തേരി സർവജന സ്കൂളിലെ വിദ്യാർഥി ഷെഹല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കേസിൽ പ്രതിചേർക്കപ്പെട്ട ഹെഡ്മാസ്റ്റർ കെ.കെ.മോഹനൻ, അധ്യാപകനായ ഷജിൽ എന്നിവരാണ് ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.പാമ്പുകടിയേറ്റ ഷഹലയ്ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കുന്നതിൽ ഇവരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചു എന്നാണ് ആരോപണം. സംഭവത്തിന് സാക്ഷികളായ വിദ്യാർത്ഥികൾ തന്നെ അധ്യാപകർക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
ഷഹലയുടെ മരണം; അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ നൽകി - Shahala snake bite death
ഹെഡ്മാസ്റ്റർ കെ.കെ.മോഹനൻ, അധ്യാപകനായ ഷജിൽ എന്നിവരാണ് ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
ആരോപണ വിധേയരായ അധ്യാപകർക്കും ഡോക്ടർക്കുമെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കും ബാലനീതി നിയമത്തിലെ വകുപ്പ് പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പായ എഴുപത്തിയഞ്ചാം വകുപ്പാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷഹലയുടെ മരണത്തിൽ സ്കൂളിലെ മൂന്ന് അധ്യാപകർക്കെതിരെയും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരെയുമാണ് പോലീസ് സ്വമേധയാ കേസെടുത്തത്. അതേസമയം അധ്യാപകർക്കെതിരെ പരാതിനൽകാൻ കുട്ടിയുടെ മാതാപിതാക്കൾ തയ്യാറായിരുന്നില്ല. ഈ മാസം ഇരുപതിനായിരുന്നു ഷഹല ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചത്.