വയനാട്: സുൽത്താൻ ബത്തേരി സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
ജില്ലാ കലക്ടർ,ജില്ലാ പൊലീസ് മേധാവി,വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവർ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡന്‍റ് യുഎ അജ്മൽ സാജിദ്, മനുഷ്യാവകാശ പ്രവർത്തകനായ വീരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് നടപടി. കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്കൂൾ അധികൃതരാണെന്ന് പരാതിക്കാർ ആരോപിച്ചു . ഇഴ ജന്തുക്കളുടെ ശല്യമുള്ളതായി കുട്ടികള്‍ പരാതിപ്പെട്ടിട്ടും അധ്യാപകര്‍ നടപടിയെടുത്തില്ലെന്ന് പരാതിക്കാര്‍ ആരോപിച്ചു.
ഷെഹ്‌ലയുടെ മരണം; മനുഷ്യാവകാശ- ബാലാവകാശ കമ്മീഷനുകള്‍ റിപ്പോര്‍ട്ട് തേടി സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷനും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡിജിപി, ജില്ലാ കലക്ടർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശം. സംഭവത്തിൽ സ്കൂൾ അധികൃതർ വീഴ്ചവരുത്തിയോ എന്ന് പരിശോധിക്കുമെന്ന് കമ്മീഷൻ അംഗം വ്യക്തമാക്കി.
അതേസമയം പാമ്പുകടിച്ചു എന്ന് പറഞ്ഞിട്ടും വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചെന്ന് സഹപാഠികൾ പറയുന്നു. ഇന്നലെ വൈകിട്ട് മൂന്ന് മണിക്ക് പാമ്പുകടിയേറ്റ ഷെഹ്‌ല മുക്കാൽ മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത് 'തന്നെ പാമ്പ് കടിച്ചു എന്ന് ഷെഹ്‌ല പറഞ്ഞിട്ടും ആശുപത്രിയിലെത്തിക്കാൻ അധ്യാപകൻ വിസമ്മതിക്കുകയായിരുന്നു എന്ന് സഹപാഠികൾ പറയുന്നു. ആണികൊണ്ടതാണ് എന്നും മറ്റും പറഞ്ഞു കുട്ടിയെ സ്കൂളിൽ തന്നെ ഇരുത്തുകയായിരുന്നു എന്നാണ് ആരോപണം.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്കൂളിലെത്തിയ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ നാട്ടുകാർ തടഞ്ഞു .ക്ലാസ് റൂമിൽ ചെരിപ്പിടാൻ അനുവദിക്കാറില്ലെന്നും ഷെഹ്‌ല ചെരിപ്പിട്ടിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു എന്നും സഹപാഠികൾ പറയുന്നു. സുൽത്താൻബത്തേരിയിൽ തന്നെയുള്ള സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ഷെഹ്‌ലയെ ചികിത്സക്കായി എത്തിച്ചത്. അവിടെനിന്ന് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇവിടെ പെൺകുട്ടിക്ക് യഥാസമയം ചികിത്സ നൽകുന്നതിൽ വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ആരോപണം. ഇതേക്കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷിക്കും. ആശുപത്രിയിൽ ആൻറി വെനം ഉണ്ടായിട്ടും അത് നൽകിയിട്ടില്ലെന്നും പരിശോധനകൾക്ക് ശേഷം നാല് അമ്പതിന് ഷഹ്‌ലയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാനാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതെന്നും ആരോപണങ്ങളുണ്ട്. യാത്രാമധ്യേ കുട്ടിയുടെ നില വഷളാവുകയും തുടർന്ന് വൈത്തിരി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തു. അവിടെനിന്നുള്ള നിർദേശമനുസരിച്ച് ചുണ്ടേലിലുള്ള സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോവുകയായിരുന്നു.