പുല്‍പ്പള്ളി:വയനാട് കല്‍പ്പറ്റയിലെ ഫാത്തിമ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ച യുവാവിന്‍റെ മൃതദേഹം സംസ്‌കരിച്ച് നാലുദിവസത്തിന് ശേഷം പള്ളി സെമിത്തേരിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു (Stebins body was taken out and sent for post-mortem).
ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍(28)ന്‍റെ മൃതദേഹമാണ് കല്‍പ്പറ്റ പോലീസിന്‍റെ നേതൃത്വത്തില്‍ സെമിത്തേരിയില്‍ നിന്നും പുറത്തെടുത്തത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് മൃതദേഹം സംസ്‌ക്കരിച്ച ശശിമല ഇന്‍ഫന്‍റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ഡിസംബര്‍ ഒന്നിനാണ് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവസമയത്ത് കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് ഈ കാര്യത്തിൽ പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേദിവസം മൃതദേഹം അടക്കം ചെയ്‌തത്. എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്‍റെ മരണത്തിന് ഇടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്‌ച ജില്ലാ വയനാട് പോലീസ് മേധാവി, കലക്‌ടര്‍, ഡി.എം.ഒ., ആരോഗ്യ മന്ത്രി, ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്‌ച വൈകുന്നേരം നാല് മണിയോടെ മൃതദേഹം വീണ്ടും പുറത്തെടുത്തത്.
വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു പുറത്തെടുക്കൽ നടപടികള്‍ നടന്നത്. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ നിന്നുള്ള അസി. പോലീസ് സര്‍ജന്‍റെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.