വയനാട് : ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ ഷെറിന്‍ ഷഹാന തന്‍റെ മുന്‍പിലുള്ള വെല്ലുവിളികളെ നോക്കി വീണ്ടുമൊന്ന് പുഞ്ചിരിച്ചു. ഒരു യഥാര്‍ഥ വിജയിയുടെ ആത്മവിശ്വാസം സ്‌ഫുരിക്കുന്ന നിറചിരി. ആറുവര്‍ഷം മുന്‍പ് ടെറസില്‍ നിന്ന് വീണ് നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഷെറിന്‍ വീല്‍ചെയറില്‍ അഭയം പ്രാപിച്ചത്. 913-ാം റാങ്കോടെ ഐഎഎസ് സ്വന്തമാക്കിയാണ് ഈ പെണ്‍കരുത്ത് അതിജീവന പോരാട്ടത്തില്‍ തന്‍റെ ഇച്ഛാശക്തി തെളിയിച്ചത്.
പറന്നുല്ലസിക്കേണ്ട പ്രായത്തില്‍ അപകടം വെല്ലുവിളി ഉയര്‍ത്തിയപ്പോള്‍ ഒരിക്കലും മുട്ടുമടക്കില്ലെന്ന നിശ്ചയദാര്‍ഢ്യവുമായി ഷെറിന്‍ മുന്നോട്ട് പോവുകയായിരുന്നു. പ്രതിസന്ധിയോട് പടവെട്ടി 2020ല്‍ നീറ്റ് പരീക്ഷയിലും ജയിച്ചുകയറി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ, ആശുപത്രി കിടക്കയിലേക്കാണ് ഐഎഎസ് നേട്ടവാര്‍ത്ത ഷെറിനെ തേടിയെത്തിയത്. കമ്പളക്കാട് കെല്‍ട്രോണ്‍ വളവിലെ പരേതനായ ടികെ ഉസ്‌മാന്‍റേയും ആമിനയുടേയും മകളാണ് കഠിനാധ്വാനത്തിന്‍റേയും അര്‍പ്പണ മനോഭാവത്തിന്‍റേയും ഈ ആള്‍രൂപം. പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ നിന്നാണ് ഷെറിന്‍ പരിശീലനം നേടിയത്.
കഴിഞ്ഞ ദിവസം ഷെറിന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ പെരിന്തല്‍മണ്ണയിലെ ആശുപത്രിയിലാണുള്ളത്. പിജി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലത്താണ് ഷെറിന്‍റെ നടുവൊടിച്ച ആ അപകടം. ടെറസില്‍ വിരിച്ചിട്ട വസ്‌ത്രം എടുക്കാന്‍ പോയപ്പോള്‍ വഴുതി സണ്‍ഷെയ്‌ഡിലേക്ക് ചെന്നിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. നട്ടെല്ലിന് പരിക്കേറ്റതിന് പുറമെ രണ്ട് വാരിയെല്ലുകള്‍ പൊട്ടുകയുമുണ്ടായി. അധികകാലം ഷെറിന്‍ ജീവിച്ചിരിക്കില്ലെന്ന ഡോക്‌ടര്‍മാരുടെ വിധിയെഴുത്തിനെ പോലും മറികടന്നാണ് ഈ പെണ്‍കരുത്തിന്‍റെ തിരിച്ചുവരവ്.