വയനാട്:കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ബഫര്‍ സോൺ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം.
കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസിന് നേരെ എസ്എഫ്ഐ ആക്രമണം പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ കൈനാട്ടി എസ്.ബി.ഐക്കു സമീപമുള്ള ഓഫീസിലേക്കു ഇരച്ചുകയറി. ഇതോടെ ഓഫീസില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇതിനിടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി ഓഫീസ് വ്യാപകമായി തകര്‍ത്തു. ഓഫീസിലെ സാധനസമാഗ്രികളും അടിച്ചുതകര്‍ത്തു.
അതേസമയം മാര്‍ച്ച് നടത്തുന്നുവെന്നറിഞ്ഞ് നേരത്തെ തന്നെ സ്ഥലത്ത് പൊലീസ് സംഘം എത്തയിരുന്നു. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തി വീശി. പൊലീസ് നടപടിയില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കയറ്റി. എന്നാല്‍ അറസ്റ്റിലായവരുമായി നീങ്ങിയ പൊലീസ് വാഹനം പ്രവര്‍ത്തകര്‍ തടുത്തു.
വാഹനത്തിനും പൊലീസിനും നേരെ കല്ലേറുമുണ്ടായി. ഇതൊടെ പൊലീസ് വീണ്ടും ലാത്തി വീശി പ്രവര്‍ത്തകരെ സംഭവ സ്ഥലത്ത് നിന്നും നീക്കി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. സംഘര്‍ഷ വാര്‍ത്തയറിഞ്ഞ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കല്‍പ്പറ്റയില്‍ എത്തി.
ഇതോടെ ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. തുടർന്ന് പ്രവർത്തകർ എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസുമായി ചര്‍ച്ച നടത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. അതേസമയം മാര്‍ച്ച് നടത്തുന്നുവെന്നറിഞ്ഞ് നേരത്തെ തന്നെ സ്ഥലത്ത് പൊലീസ് സംഘം എത്തയിരുന്നെന്നും പൊലീസ് നിഷ്‌ക്രീയത്വം പാലിച്ചുവെന്നും കോണ്‍ഗ്രസ് ആരോപിച്ചു.