വയനാട്:രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ 19 എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ. ജില്ല പ്രസിഡന്‍റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്‌ണു ഷാജി എന്നിവരടക്കമുള്ളവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്. ഇതിനുപിന്നാലെ ആറ് പേരെ കൂടി കസ്റ്റഡിയിലെടുത്തു.
രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകർത്ത സംഭവത്തിൽ 19 എസ്.എഫ്.ഐ പ്രവർത്തകർ റിമാൻഡിൽ ഇതിൽ ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം അവിഷിത്ത് കെ.ആറിനെ പൊലീസ് പ്രതി ചേർത്തു. സി.പി.എം പ്രവർത്തകരുടെ സമ്മർദം മറികടന്നാണ് പൊലീസ് നടപടി. അതിനിടെ ഡി.സി.സി ഓഫിസിൽ പ്രതിപക്ഷ നേതാവിൻ്റെ വാർത്താസമ്മേളനത്തിനിടെ കോൺഗ്രസ് പ്രവർത്തകരും മാധ്യമപ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ദേശാഭിമാനി ലേഖകൻ്റെ ചോദ്യത്തിലാണ് ഇവർ പ്രകോപിതരായത്.
അന്വേഷണ ചുമതല മാനന്തവാടി ഡി.വൈ.എസ്‍.പിക്ക്:ശബ്‌ദം ഉയർന്നതോടെ ഓഫിസിലേക്ക് കയറിയ പൊലീസുകാരെ നേതാക്കൾ തിരിച്ചയച്ചു. പൊലീസിൻ്റെ കാവൽ തങ്ങൾക്ക് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഓഫിസ് അക്രമ സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. മാനന്തവാടി ഡി.വൈ.എസ്‍.പിക്കാണ് അന്വേഷണ ചുമതല.
എ.ഡി.ജി.പി മനോജ് എബ്രഹാം അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ നായർ വയനാട്ടിലെത്തി. ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് വെള്ളിയാഴ്‌ച എസ്.എഫ്.ഐ എം.പി ഓഫിസ് ആക്രമിച്ചത്.