വയനാട്:വാകേരിയിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കടുവക്കായുളള തിരച്ചിൽ ഊര്‍ജിതമാക്കി വനപാലകര്‍. പ്രജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ മൂടക്കൊല്ലിയിലാണ് തെരച്ചിൽ നടക്കുന്നത്. മൂടക്കൊല്ലിയിൽ ക്യാമറ സ്ഥാപിച്ചു. മേപ്പാടി, ബത്തേരി, മാനന്തവാടി ഫോറസ്റ്റ് ഡിവിഷനിലെ ആർആർടി സംഘമാണ് തെരച്ചിലിന് നേതൃത്വം നല്‍കുന്നത്.
വിവിധ സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ(Searching For Man Eating Tiger). കടുവയുടെ വരവും പോക്കും അറിയാൻ കൂടുതൽ ക്യാമറകൾ സ്ഥാപിക്കുമെന്നാണ് വിവരം. ആർ ആർ ടി യും വനം വകുപ്പുജീവനക്കാരുമാണ് മേഖലയിൽ കടുവയ്ക്കായി തിരച്ചിൽ നടത്തുന്നത്.
കഴിഞ്ഞ ദിവസമാണ് വയനാട് സ്വദേശി പ്രജീഷ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ബന്ധുക്കൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ തോട്ടത്തിലേക്കിറങ്ങിയ ആളെ ഉച്ചകഴിഞ്ഞും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
കടുവ പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം സംസ്കരിച്ചു. മൂടക്കൊല്ലി കൂടല്ലൂരിലെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. കടുവയെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനത്തിന് പിന്നാലെ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുകയായിരുന്നു.