നാല് ദിവസമായി കാത്തിരിപ്പിലാണ് വയനാട്ടിലെ കോൺഗ്രസ് പ്രവർത്തകർ. സ്ഥാനാർത്ഥിയുടെ കാര്യത്തിലുള്ള അനിശ്ചിതത്വത്തിനിടയിൽ ജില്ലയിൽ യുഡിഎഫ് പ്രചാരണം ആരംഭിച്ചു. രാഹുൽ ഗാന്ധിക്കുവേണ്ടിയാണ് പ്രചാരണം നടത്തുന്നതെന്നാണ് നേതാക്കൾ പറയുന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിയെ കാത്ത് വയനാട്; ടി.സിദ്ദിഖ് പ്രചാരണം ആരംഭിച്ചു - ടി സിദ്ദിഖ്
രാഹുൽ ഗാന്ധി തന്നെ വയനാട്ടിൽ മത്സരിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. ഔദ്യോഗിക പ്രഖ്യാപനം വരാതെ തന്നെ ടി.സിദ്ദിഖ് പ്രചാരണം തുടങ്ങിയെങ്കിലും സിദ്ദിഖിന്‍റെ ചിത്രമുള്ള പോസ്റ്ററുകളൊന്നും ഇതുവരെ ജില്ലയിൽ പ്രചാരണത്തിന് ഉപയോഗിച്ചിട്ടില്ല.

രാഹുൽ ഗാന്ധി വയനാട്ടിലേക്ക് വരുമോ എന്ന കാര്യത്തിൽ ഇടതുമുന്നണിയും എൻഡിഎയും ആകാംക്ഷയിലാണ്. സ്ഥാനാർത്ഥിയെ മാറ്റേണ്ട എന്നാണ് ഇടതു മുന്നണി തീരുമാനമെങ്കിലും രാഹുൽ വരാതിരിക്കാൻ ഇടതു പാർട്ടികൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്. എൻഡിഎ വയനാട്ടിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും രാഹുൽ മത്സരിക്കുമെങ്കിൽ സ്ഥാനാർത്ഥിയെ മാറ്റാനാണ് സാധ്യത.
അതേസമയം രാഹുലിന് വയനാട്ടിൽ സുരക്ഷാ ഭീഷണി ഉണ്ടായേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. ജില്ലയിലെ മാവോ സാന്നിധ്യം കൂടി കണക്കിലെടുത്താണ് റിപ്പോർട്ട് നൽകിയിട്ടുള്ളത്.