വയനാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും വ്യവസായ പ്രമുഖന് അദാനിയേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. വയനാട് മണ്ഡല പര്യടനത്തിനിടെ മീനങ്ങാടിയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരൊറ്റ കർഷകനെയും താൻ സന്തോഷവാനായി കണ്ടില്ല. ധനാഢ്യന്മാരുടെയും കോടിപതികളുടെയും വായ്പകൾ മാത്രം എന്തുകൊണ്ടാണ് എഴുതി തള്ളുന്നതെന്ന് കര്‍ഷകര്‍ ചോദിച്ചതായി രാഹുൽ ഗാന്ധി പ്രസംഗത്തിനിടെ പറഞ്ഞു.
അദാനി എന്തുകൊണ്ട് എല്ലാ വിദേശയാത്രകളിലും മോദിയെ അനുഗമിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. താൻ പാർലമെൻ്റിൽ പറഞ്ഞതെല്ലാം യാഥാർഥ്യമാണ്. രേഖകളിൽ നിന്ന് നീക്കിയാലും താനതിലെല്ലാം ഉറച്ചുനിൽക്കുന്നു. തന്നെ എല്ലാവരും ഭയപ്പെടുന്നുവെന്നാണ് മോദി കരുതുന്നത്. എന്നാല്‍, താൻ അദ്ദേഹത്തെ ഏറ്റവും അവസാനം ഭയക്കുന്ന ആള് മാത്രമാണ്. മോദി സംസാരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ ശരീരഭാഷയും ഞാൻ സംസാരിക്കുമ്പോൾ എൻ്റെ ശരീരഭാഷയും നിങ്ങൾ നോക്കൂ. ആരാണ് സത്യം പറയുന്നതെന്ന് നിങ്ങൾക്ക് മനസിലാകുമെന്നും രാഹുല്‍ പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.
'ചട്ടങ്ങൾ അദാനിക് വേണ്ടി ലംഘിച്ചു':അദാനിയും മോദിയുമായുള്ള ബന്ധത്തെക്കുറിച്ച് പാർലമെന്റില്‍ സംസാരിച്ചിരുന്നു. ബഹുമാനത്തോടെ, നല്ല ഭാഷയിൽ യാഥാർഥ്യങ്ങൾ ഉയർത്തി കാട്ടുക മാത്രമാണ് ചെയ്തത്. പ്രധാനമന്ത്രി വിദേശത്ത് പോവുമ്പോൾ അദാനി എങ്ങനെയാണ് അദ്ദേഹത്തിന്റെ ഒപ്പം പോവുക എന്നാണ് ചോദിച്ചത്. തിരിച്ചുവരുമ്പോൾ ആ രാജ്യവുമായി എങ്ങനെയാണ് അദാനി കരാർ ഒപ്പിടുന്നത്. രാജ്യത്തിന്റെ 30 ശതമാനം എയർപോർട്ടുകളും അദാനിക്ക് സ്വന്തമായത് മോദിയുമായുള്ള ബന്ധം മൂലമാണ്. വിമാനത്താവള സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ അദാനിക് വേണ്ടി ലംഘിക്കപ്പെട്ടു.