മോഷണക്കുറ്റം ആരോപിച്ചതിനെ തുടര്‍ന്ന് ആദിവാസി യുവാവ് ജീവനൊടുക്കിയ സംഭവം; മരിച്ച വിശ്വനാഥന്‍റെ വീട് സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി വയനാട്: ഭാര്യയുടെ പ്രസവത്തിനായി മെഡിക്കൽ കോളജിലെത്തിയപ്പോൾ മോഷണം നടത്തിയെന്ന് ആരോപിച്ച് ചോദ്യം ചെയ്‌തിനെ തുടര്‍ന്ന് ആദിവാസി യുവാവ് വിശ്വനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ യുവാവിന്‍റെ വീട് സന്ദർശിച്ച് രാഹുൽ ഗാന്ധി. കൽപ്പറ്റ അഡ് ലെയ്‌ഡ് പാലവയൽ കോളനിയിലെ വീട്ടിലാണ് രാഹുൽ ഗാന്ധി എത്തിയത്. കുടുംബത്തിനെ ആശ്വസിപ്പിച്ച രാഹുൽ ഗാന്ധി നിയമസഹായം വാഗ്‌ദാനം ചെയ്‌തു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു കേന്ദ്രത്തിൽ ഭാര്യയ്‌ക്കൊപ്പമെത്തിയ വിശ്വനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ പ്രസവത്തിനായി എത്തിയ വിശ്വനാഥനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
മോഷണക്കുറ്റം ആരോപിച്ച് സുരക്ഷ ജീവനക്കാർ ചോദ്യം ചെയ്‌തതിൽ വിശ്വനാഥൻ മനോവിഷമത്തിൽ ആയിരുന്നുവെന്നാണ് ബന്ധുവിന്‍റെ ആരോപണം. മരിച്ചത് എങ്ങനെയെന്ന് അറിയണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
ആരോപണവിധേയരായ ആശുപത്രി സുരക്ഷ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. ഇല്ലാത്ത മോഷണക്കുറ്റം ആരോപിച്ച് മാനസികമായി പീഡിപ്പിച്ചതാണ് വിശ്വനാഥൻ ജീവനൊടുക്കാൻ കാരണമെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കുടുംബം. വിഷയത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.
മെഡിക്കൽ കോളജ് പൊലീസ് അസിസ്‌റ്റന്‍റ് കമ്മിഷണറും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും അന്വേഷണം നടത്തി ഒരാഴ്‌ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജൂ നാഥ് ആവശ്യപ്പെട്ടു. കേസ് ഫെബ്രുവരി 21ന് പരിഗണിക്കും.