വയനാട്:കർഷക സമരത്തിന് ഐക്യദാർഢ്യവുമായി വയനാട് എംപി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന ട്രാക്ടർ റാലി ആവേശമായി. കർഷകർ നടത്തുന്ന സമരത്തെക്കുറിച്ച് ലോകം മുഴുവൻ അറിഞ്ഞിട്ടും പ്രശ്നത്തിൽ കേന്ദ്ര സർക്കാർ നിസംഗത പാലിക്കുകയാണെന്ന് റാലിക്കു ശേഷം നടന്ന പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.
വയനാട്ടിൽ ആവേശമായി രാഹുൽ ഗാന്ധിയുടെ ട്രാക്‌ടർ റാലി
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി മാണ്ടാട് മുതൽ മുട്ടിൽ വരെ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തി.
മാണ്ടാട് മുതൽ മുട്ടിൽ വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്താണ് രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തിയത്. ഉന്നത കോൺഗ്രസ് നേതാക്കൾ രാഹുലിനൊപ്പം ട്രാക്ടർ റാലിയിൽ പങ്കെടുത്തു. റോഡിന് ഇരുവശവും നൂറുകണക്കിന് പേരാണ് രാഹുൽ ഗാന്ധിയെ കാണാൻ എത്തിയത്. റാലിക്കിടെ സമീപത്തുള്ള സ്കൂളിനു മുന്നിൽ ട്രാക്ടർ നിർത്തി രാഹുൽ വിദ്യാർഥികളെ അഭിവാദ്യം ചെയ്തു. മുട്ടിലിൽ റാലി അവസാനിച്ചതിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ കേന്ദ്ര സർക്കാരിനെതിരെ രാഹുൽ നിശിത വിമർശനമുയർത്തി.
പ്രധാനമന്ത്രി തന്‍റെ രണ്ടു കൂട്ടുകാർക്കു വേണ്ടി രാജ്യത്തെ കാർഷിക മേഖല തീറെഴുതി നൽകാൻ ഒരുങ്ങുകയാണെണ് രാഹുൽ വിമർശിച്ചു. ഈ രണ്ടു പേർക്ക് തന്നെയാണ് രാജ്യത്തെ വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും നടത്തിപ്പ് നൽകിയിട്ടുളളത്. ഇന്ത്യയിലെ ഏറ്റവും വലിയ തനതു വ്യവസായം കൃഷിയാണ്. അനേകമാളുകളുടെ ഉപജീവനമാർഗമായ കൃഷി ഏതാനും വ്യക്തികൾക്ക് ലാഭമുണ്ടാക്കാനുള്ള മാർഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.