വയനാട്:കൽപ്പറ്റയിലെ (Kalpetta) രാഹുൽ ഗാന്ധിയുടെ (Rahul Gandhi) ഓഫിസിൽ മഹാത്മാഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസിന്‍റെ തുടർനടപടികൾ ഹൈക്കോടതി (high court) രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്‌തു. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജാവിജയ രാഘവൻ ബഞ്ചിന്‍റെ നടപടി.
ഹർജിയിൽ സർക്കാരിനും പരാതിക്കാര്‍ക്കും കോടതി നോട്ടിസ് അയച്ചു. കഴിഞ്ഞ വർഷം ജൂൺ 24ന് മുൻ എംപി രാഹുൽ ഗാന്ധിയുടെ ഓഫിസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ അതിക്രമിച്ച് കയറി അടിച്ചുതകർക്കുകയും വാഴ നാട്ടുകയും ചെയ്‌തിരുന്നു. ശേഷം, ഓഫിസിനുള്ളിലെ ഗാന്ധി ചിത്രം തകർക്കപ്പെട്ട നിലയില്‍ കാണുകയായിരുന്നു.
എസ്എഫ്ഐ (SFI) പ്രവർത്തകർ പോയതിന് പിന്നാലെ കോൺഗ്രസ് (Congress) പ്രവർത്തകരാണ് ചിത്രം തകർത്തത് എന്നായിരുന്നു പൊലീസ് റിപ്പോർട്ട്. അഭിഭാഷകനായ കിഷോർ ലാൽ നൽകിയ പരാതിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയ പൊലീസ്, രാഹുലിന്‍റെ ഓഫിസിലെ സ്റ്റാഫുകളെ പ്രതി ചേർത്ത് കേസെടുക്കുകയായിരുന്നു. എസ്എഫ്ഐക്കാരാണ് അക്രമം നടത്തിയതെന്നായിരുന്നു കോൺഗ്രസിന്‍റെ ആരോപണം.
പിന്നീട്, മാധ്യമങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളിൽ എസ്എഫ്ഐക്കാർ വന്ന് പോയതിന് ശേഷവും ഗാന്ധി ചിത്രം ചുമരിലുണ്ടായിരുന്നുവെന്നും കോൺഗ്രസ് പ്രവർത്തകർ ഓഫിസിൽ വന്നതിന് ശേഷമാണ് ചിത്രം തകർക്കപ്പെട്ടതെന്നും വ്യക്തമായിരുന്നു. എന്നാൽ അഭിഭാഷകൻ നൽകിയ പരാതിയിൽ കേസെടുത്ത നടപടിയിൽ നിഗൂഢതയുണ്ടെന്നാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പ്രതികൾ പറയുന്നത്. 2022 ജൂലൈ നാലിനാണ് (2022 July 4) കേസ് രജിസ്റ്റർ ചെയ്‌തത്.
രാഹുലിന്‍റെ ഓഫിസിനെതിരായ ആക്രമണം: ബഫര്‍ സോൺ വിഷയത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐ കൽപ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ കല്‍പ്പറ്റ കൈനാട്ടി എസ്ബിഐക്ക് സമീപമുള്ള ഓഫിസിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടർന്ന് ഓഫിസില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയും ചെയ്‌തു.
പിന്നാലെ കൂടുതല്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തി ഓഫിസ് വ്യാപകമായി തകര്‍ത്തു. ഓഫിസിലെ സാധനസമാഗ്രികളും അടിച്ചുതകര്‍ത്തിരുന്നു. 2022 ജൂൺ 24ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ നടത്തിയ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം ഉണ്ടായത്. മാര്‍ച്ച് അക്രമാസക്തമായതോടെ സ്ഥലത്തെത്തിയ പൊലീസ് ലാത്തി വീശി. പൊലീസ് നടപടിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്‌ത് വാഹനത്തില്‍ കയറ്റി. തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. പൊലീസിന് നേരെ കല്ലേറുണ്ടായി.
സംഘര്‍ഷം ഉണ്ടായതറിഞ്ഞ് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കല്‍പ്പറ്റയില്‍ എത്തി. എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയും എംഎൽഎയുടെ നേതൃത്വത്തിൽ പൊലീസുമായി ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. സംഭവത്തിന് പിന്നാലെ എസ്എഫ്ഐ വയനാട് ജില്ല കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫിസിലേക്ക് മാർച്ച് തീരുമാനിക്കേണ്ടത് ദേശീയ, സംസ്ഥാന നേതൃത്വമായിരുന്നുവെന്നും അക്രമം സംഭവിക്കാൻ പാടില്ലാത്തതായിരുന്നെന്നും എസ്എഫ്ഐ സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു.