കല്‍പ്പറ്റ : ഗാന്ധി ചിത്രം തകര്‍ത്ത കേസില്‍ രാഹുല്‍ ഗാന്ധി എം.പി യുടെ ഓഫിസ് ജീവനക്കാരനടക്കമുള്ള പ്രവര്‍ത്തകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് എം.എല്‍.എമാരായ ടി.സിദ്ദിഖ്, ഐ.സി.ബാലകൃഷ്ണന്‍ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സംഷാദ് മരക്കാര്‍ ഡി.സി.സി.പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ കല്‍പ്പറ്റ ഡിവൈ.എസ്.പി ഓഫിസിന് മുന്നില്‍ ആരംഭിച്ച കുത്തിയിരിപ്പ് സമരം തുടരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ എത്തി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എംപിയുടെ പിഎ ഉൾപ്പടെ നാല് കോൺഗ്രസ് പ്രവർത്തകരാണ് അറസ്റ്റിലായത്. പേഴ്‌സണൽ അസിസ്റ്റന്‍റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ് രവി, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം വെളളിയാഴ്ച(19.08.2022) ഉച്ചയ്ക്ക് ശേഷം അറസ്റ്റ് ചെയ്‌തത്. 427, 153 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
എ കെ ജി സെന്‍റര്‍ പടക്കമേറിന്‍റെ നാണക്കേട് മറച്ചുവയ്ക്കാന്‍ സി പി എമ്മിന്‍റെ സമ്മര്‍ദത്തിന് വഴങ്ങി കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. ഇതിനിടെ നേരത്തെ അറസ്റ്റിലായ പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. എന്നാല്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നും എസ് പി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യേഗസ്ഥര്‍ എത്തിയതിന് ശേഷം മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നുമാണ് നേതാക്കളുടെ നിലപാട്.
നേതാക്കളെ അനുനയിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. അതേസമയം പ്രവര്‍ത്തകരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ജില്ലയില്‍ വ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നത്. ഇത് നീതിക്ക് വേണ്ടിയുള്ള സമരമാണെന്ന് ഐ സി ബാലകൃഷ്ണന്‍ എം എല്‍എ കൂട്ടിച്ചേര്‍ത്തു.