കല്‍പ്പറ്റ : അയോഗ്യതാനടപടിക്ക് ശേഷം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി തന്‍റെ മണ്ഡലമായ വയനാട്ടില്‍ ആദ്യമായി പങ്കെടുക്കുന്ന പരിപാടിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയുമെത്തും. പതിനായിരങ്ങള്‍ അണിനിരക്കുന്ന റോഡ് ഷോ ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്‌ക്കൂളില്‍ നിന്ന് ആരംഭിക്കും. സത്യമേവ ജയതേ എന്ന പേരില്‍ നടക്കുന്ന ഈ റോഡ് ഷോയില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യും.
റോഡ് ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയ പതാകയായിരിക്കും ഉപയോഗിക്കുക. റോഡ് ഷോയ്ക്ക് ശേഷം നടക്കുന്ന സമ്മേളനത്തിന്‍റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. ഇതില്‍ കേരളത്തിലെ പ്രുമുഖ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. മലബാറിലെ അഞ്ച് ജില്ലയിൽ നിന്നായി പതിനായിരക്കണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുക്കും. സമ്മേളനത്തില്‍ രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉള്‍പ്പടെയുള്ള നേതാക്കള്‍ സംസാരിക്കും.
രാഹുലിനൊപ്പം ആരെല്ലാം :രാഹുല്‍ ഗാന്ധിയോടൊപ്പം സംഘടന ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍, മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലിക്കുട്ടി, പി.എം.എ സലാം, മോന്‍സ് ജോസഫ് എംഎല്‍എ, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, സി.പി ജോണ്‍ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി യുഡിഎഫ് നേതാക്കള്‍ അറിയിച്ചു.
മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ കത്ത് വിതരണം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഏപ്രില്‍ 11ന് കല്‍പ്പറ്റയില്‍ വാഹനഗതാഗത ക്രമീകരണം ഉണ്ടാകുമെന്നും കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് അഡ്വ.ടി.സിദ്ദിഖ് എംഎല്‍എ, യുഡിഎഫ് ജില്ല ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി, ഡിസിസി പ്രസിഡന്‍റ് എന്‍.ഡി അപ്പച്ചന്‍, ജില്ല യുഡിഎഫ് കണ്‍വീനര്‍ കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ അറിയിച്ചു.
അയോഗ്യത വന്ന വഴി :അതേസമയം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ മാര്‍ച്ച് 23ന് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം ലോക്‌സഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയത്. ഇന്ത്യയുടെ ശബ്‌ദത്തിനായി താന്‍ പോരാടുമെന്നും എന്ത് വില കൊടുക്കാനും തയ്യാറാണെന്നുമായിരുന്നു ലോക്‌സഭ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ പ്രതികരണം. എന്നാല്‍ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെ രാജ്യത്താകമാനം വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
എഐസിസി ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്‍റെ സഹോദരിയുമായ പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ രാഹുല്‍ ഗാന്ധിക്കായി ശബ്‌ദമുയര്‍ത്തിയിരുന്നു. മാത്രമല്ല ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച പ്രതിപക്ഷം ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കറുത്ത ദിനമെന്നും വിശേഷിപ്പിച്ചിരുന്നു. സംഭവത്തില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍,തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഹേമന്ദ് സോറന്‍, ഉദ്ധവ് താക്കറെ, ശരത് യാദവ്, അഖിലേഷ് യാദവ് തുടങ്ങിയ നേതാക്കളും ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.