വയനാട്:പുൽപ്പള്ളി സഹകരണ ബാങ്ക് വായ്‌പ തട്ടിപ്പ് കേസിൽ അറസ്‌റ്റിലായ കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തുടര്‍ന്ന് എബ്രഹാമിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ബത്തേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. അതേസമയം, പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി രമാദേവിയുടെ ജാമ്യാപേക്ഷയും കോടതി തള്ളി.
തട്ടിപ്പ് ഇങ്ങനെ:തുച്ഛമായ വിലയുള്ള ഭൂമിക്ക് ബിനാമി വായ്‌പകൾ അനുവദിച്ച് കോടികൾ തട്ടിയ കേസിൽ കെകെ എബ്രഹാമാണ് ഒന്നാം പ്രതി. തട്ടിപ്പിനിരയായ ഡാനിയലിന്‍റെ പരാതിയിലാണ് കെപിസിസി ജനറൽ സെക്രട്ടറി കെകെ എബ്രഹാമിനേയും മുൻ ബാങ്ക് സെക്രട്ടറി രമാദേവിയേയും പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. എബ്രഹാമിനെതിരെ ആത്മഹത്യാപ്രേരണ കുറ്റവും വഞ്ചനാകുറ്റവും ചുമത്തിയാണ് ഇന്നലെ രാത്രി (മെയ് 31) അറസ്‌റ്റ് ചെയ്‌തത്.
ഹൃദ്രോഗത്തിന് ചികിത്സ തേടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കെകെ എബ്രഹാമിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നെങ്കിലും വ്യാഴാഴ്‌ച തിരിച്ചെത്തിച്ചു. കോടികളുടെ വായ്‌പ തട്ടിപ്പിൽ ബാങ്ക് ഭരണ സമിതി കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും നാല് വർഷമായി വിജിലൻസ് ഇവർക്കെതിരായ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നില്ല. പ്രതിഷേധങ്ങൾ ഉയർന്നതോടെ നടപടികൾ വേഗത്തിലാക്കുമെന്ന് വിജിലൻസ് അറിയിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളും ജീവനക്കാരും അടക്കം 10 പേരാണ് പ്രതികൾ.
പ്രതിഷേധം കടുപ്പിച്ച് സമരസമിതി:പുൽപ്പള്ളി വായ്‌പ തട്ടിപ്പിനിരയായ കർഷകന്‍ രാജേന്ദ്രൻ നായരുടെ മരണത്തിൽ വയനാട്ടിൽ വ്യാപക പ്രതിഷേധമാണുണ്ടായത്. ഇതിന്‍റെ ഭാഗമായി സിപിഎമ്മും ബിജെപിയും പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഉപരോധിച്ചിരുന്നു. പിന്നാലെ വായ്‌പ തട്ടിപ്പിനിരയായവരുടെ സമര സമിതി രാജേന്ദ്രന്‍റെ മൃതദേഹവുമായി ബാങ്കിന് മുന്നിലെത്തി പ്രതിഷേധിച്ചു. ഇവിടെ നിന്ന് കെകെ എബ്രഹാമിന്‍റെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചും നടത്തി. രാജേന്ദ്രന്‍റെ കുടുംബത്തിലെ ഒരാൾക്ക് ബാങ്കിൽ ജോലിയും സർക്കാർ ധനസഹായവും പ്രഖ്യാപിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ബത്തേരി തഹസിൽദാർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇവര്‍ സമരം അവസാനിപ്പിച്ചത്.