അന്യംനിന്നുപോയ നെല്‍വിത്തുകളുടെ സംരക്ഷകന്‍; ചെറുവയല്‍ രാമനെ തേടിയെത്തിയത് ഭാരതത്തിന്‍റെ അഭിമാന പുരസ്‌കാരമായ പത്‌മശ്രീ വയനാട്: മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയല്‍ രാമനെത്തേടി ഭാരതത്തിന്‍റെ അഭിമാന പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീ എത്തി. അന്യംനിന്നുപോയ നിരവധി നെല്‍വിത്തുകളുടെ സംരക്ഷകനും സൂക്ഷിപ്പുകാരനും പ്രചാരകനുമാണ് ചെറുവയല്‍ രാമന്‍. തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ രാമന്‍റെ ശേഖരത്തിലുണ്ട്.
തന്‍റെ കൈവശമുള്ള വയലില്‍ കൃഷിയിറക്കി ഉല്‍പാദനം നടത്തി അവയെല്ലാം ശേഖരിച്ച് സംരക്ഷിക്കുകയാണ് രാമന്‍ ചെയ്യുന്നത്. അപൂര്‍വവും, അന്യം നിന്നുപോയതുമായ നെല്‍വിത്തുകളെ ഉല്‍പാദിപ്പിച്ച് സംരക്ഷിക്കുകയെന്ന ഭാരിച്ച ചരിത്രദൗത്യമാണ് രാമന്‍ നിര്‍വ്വഹിക്കുന്നത്. ജില്ലയിലെ അവശേഷിക്കുന്ന പുരാതന ആദിവാസി തറവാടുകളിലൊന്നാണ് കമ്മനയിലെ ചെറുവയല്‍ രാമന്‍റെ കുറിച്യ തറവാട്.
ചെറുവയല്‍ രാമന്‍റെ താമസം 150 വര്‍ഷം പഴക്കമുള്ള വീട്ടില്‍:കാറ്റിനെയും മഴയേയും വെയിലിനെയും പ്രളയങ്ങളെയും അതിജീവിച്ച് 150ലധികം വര്‍ഷം പഴക്കമുള്ള തറവാട്ടിലേക്ക് കടന്നുചെല്ലുമ്പോള്‍ തന്നെ മനം തളിര്‍ക്കും. 150ലധികം വര്‍ഷം പഴക്കമുള്ള തറവാട് ഇന്നും പുല്ല് മേഞ്ഞ വീടായി തന്നെ തുടരുകയാണ്. മഴക്കാലത്ത് ചൂടും, വേനല്‍ക്കാലത്ത് തണുപ്പും നല്‍കി പ്രകൃതിയുടെ വരദാനം പോലെ വൈക്കോല്‍ പുല്ലുകൊണ്ട് മേഞ്ഞ വീട്.
ആധുനിക സൗകര്യങ്ങളും, സംസ്‌കാരങ്ങളും മാറിമറിഞ്ഞിട്ടും മായാതെ, മായ്ക്കാതെ സംരക്ഷിക്കപ്പെടുന്ന അപൂര്‍വം ഗോത്രസംസ്‌കൃതിയുടെ കാവലാളാണ് ചെറുവയല്‍ രാമന്‍. വളപ്രയോഗത്തിന്‍റെയോ കീടനാശിനി പ്രയോഗത്തിന്‍റെയോ സംരക്ഷണമില്ലാതെ ജൈവകൃഷിയിലാണ് വിള സംരക്ഷിക്കുന്നത്. ദശാബ്‌ദങ്ങളായി സംരക്ഷിച്ചുവരുന്നതും തലമുറകളായി സൂക്ഷിച്ച് വരുന്നതുമായ നെല്‍വിത്തുകളെ പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തിലൂടെ ഇന്നും മനുഷ്യനന്മയ്ക്കായും, അറിവിനുമായി രാമന്‍ കാത്തുസൂക്ഷിക്കുന്നു.
അഞ്ചാം ക്ലാസുകാരന്‍ ഇന്ന് സര്‍വകലാശാല സെനറ്റ് അംഗം: രാമന്‍റെ കാര്‍ഷിക അനുഭവങ്ങള്‍ അറിയാനും വിത്തിനങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ എത്തുന്നു. ചെറുവയല്‍ രാമന് അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ഇന്ന് തൃശൂര്‍ കാര്‍ഷിക സര്‍വകലാശാല സെനറ്റ് അംഗമാണ്. കമ്മന നവോദയ എല്‍.പി സ്‌ക്കൂളില്‍ അഞ്ചാം തരം വരെ പഠിച്ച ശേഷം രാമന് തുടര്‍പഠനം മരീചികയായിരുന്നു.
പട്ടിണിയും പ്രാരാബ്‌ധങ്ങളും പ്രതികൂല ഘടകങ്ങളും ഒത്തുചേര്‍ന്നുനിന്നപ്പോള്‍ സാധാരണ ആദിവാസി കുട്ടികളെപ്പോലെ കന്നുകാലി പരിചരണത്തിനും കൃഷിപ്പണികളിലേക്കും നീങ്ങി. പതിനേഴാം വയസില്‍ അമ്മാവന്‍ മരണമടഞ്ഞതോടെ ഗോത്രത്തിന്‍റെയും, കാര്‍ഷിക പ്രവൃത്തിയുടെയും ചുമതല രാമനില്‍ നിക്ഷിപ്‌തമായി. കൂട്ടുകുടുംബ വ്യവസ്ഥ നിലനില്‍ക്കുന്ന കുറിച്യ തറവാട്ടില്‍ അമ്മാവന്‍ ഏല്‍പ്പിച്ച നെല്‍വിത്തുകളും കന്നുകാലികളും 22 ഏക്കറോളം വരുന്ന ഭൂമിയും 70ലധികം കുടുംബങ്ങളുടെയും നാഥനായി രാമന്‍ മാറുകയായിരുന്നു.
ഇന്നും രാമന്‍ കുടുംബത്തിലെ കാരണവരായി, ലോകപ്രശസ്‌തനായി, ജീവിതം നെല്‍വിത്തുകളുടെ സംരക്ഷണത്തിനായി മാറ്റിവച്ചിരിക്കുന്നു. വിവിധ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു കോടികള്‍ ധൂര്‍ത്തടിച്ചും, ചെലവഴിച്ചും നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഒരു രൂപ പോലും സര്‍ക്കാരിന്‍റെ സാഹയമില്ലാതെയാണ് ഇത്തരം നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് രാമനെ വ്യത്യസ്‌തനാക്കുന്നത്. കുന്നും കുളമ്പന്‍, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടന്‍, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങി അന്യം നിന്ന് പോയ അമ്പതില്‍പ്പരം നെല്‍വിത്തിനങ്ങളാണ് ജൈവകൃഷി സമ്പ്രദായത്തിലൂടെ ചെറുവയല്‍ രാമന്‍ സംരക്ഷിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ച് രാമന്‍: ഇന്നത്തെ കര്‍ഷകര്‍ക്ക് കേട്ടറിവ് പോലും ഇല്ലാത്ത വിത്തിനങ്ങളാണ് ഇവയില്‍ പലതും. വയനാട് ജില്ലയില്‍ കുംഭമഴ, മേടമഴ, മിഥുനമഴ, കര്‍ക്കിടമഴ, തുലാവര്‍ഷം, ചിങ്ങമഴ തുടങ്ങിയ പേരുകളില്‍ അറിയപ്പെട്ടിരുന്ന മഴയേയും കാലാവസ്ഥയേയും ആശ്രയിച്ചായിരുന്നു നെല്‍കൃഷി നടത്തിയിരുന്നത്. ഓരോ നെല്‍വിത്തിനും അനുയോജ്യമായ കാലാവസ്ഥയ്ക്കനുസരിച്ചാണ് വിതയ്ക്കല്‍ നടത്തിയിരുന്നത്.
കാലാവസ്ഥയില്‍ വന്ന മാറ്റവും പ്രകൃതിദുരന്തങ്ങളും കാര്‍ഷികമേഖലയുടെ താളം തെറ്റിച്ചിരിക്കുകയാണെങ്കിലും പ്രതികൂല സാഹചര്യങ്ങളെ നേരിട്ട് ചെറുവയല്‍ രാമന്‍ തന്‍റെ ജീവിതദൗത്യം നിറവേറ്റുകയാണ്. പരാതികളും പരിഭവങ്ങളുമില്ലാതെ. പുതുതലമുറയ്ക്ക് അറിവുകള്‍ പകര്‍ന്നുനല്‍കാന്‍ രാമന്‍ വിദേശങ്ങളില്‍ പോലും സഞ്ചരിച്ചു.
തന്‍റെ ജീവിത പരീക്ഷണങ്ങളില്‍ നിന്ന് നേടിയ അറിവുകളും സമ്പത്തും മുന്‍നിര്‍ത്തി അക്കാദമിക് ശാസ്ത്രജ്ഞന്മാരെ മുള്‍മുനയില്‍ നിര്‍ത്തി അദ്ദേഹം പ്രയാണം തുടരുന്നു. അക്കാദമിക് ശാസ്‌ത്രജ്ഞന്മാരും വിദഗ്ദ്ധരും ഉയര്‍ത്തുന്ന ചോദ്യങ്ങളെ അഞ്ചാം ക്ലാസുകാരന്‍ തന്‍റെ ജീവിതാനുഭവങ്ങളുടെ സമ്പത്തുകൊണ്ടും അറിവുകള്‍ കൊണ്ടുമാണ് നേരിടുന്നതും കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്തുന്നതും. മാത്രമല്ല, മനുഷ്യമനസില്‍ നന്മകള്‍ നിറയ്ക്കാനുമുള്ള ആയുധം അക്ഷരങ്ങളും, കൃഷിയുമാണെന്നാണ് രാമന്‍റെ വിശ്വാസം.